ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24 ലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. യു.എ.ഇ ദിര്‍ഹം നിരക്കും 20 കടന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രൂപക്ക് തിരിച്ചടിയാവുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വരാനിരിക്കുന്ന ആര്‍.ബി.ഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ഊഹവും രൂപക്ക് തിരിച്ചടിയായി.
എണ്ണ വില കുതിക്കുന്നു
ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 85 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം രണ്ടര വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ഉല്‍പാദനത്തില്‍ പ്രതിദിനം 90,000 ബാരലിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, ഇറാന്‍ എണ്ണയിലെ കുറവ് ഇതിനു നികത്താനായിട്ടില്ല. ഇറാനെതിരെയുള്ള യു.എസ് ഉപരോധം നവംബര്‍ നാലിനാണ് പൂര്‍ണമായി പ്രാബല്യത്തില്‍ വരിക. അതോടെ, എണ്ണ വില ഇനിയും കൂടാനാണു സാധ്യത.
ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെകിനു മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ എണ്ണ ലഭ്യതയില്‍ കുറവില്ലെന്ന നിലപാടിലാണ് ഒപെകും റഷ്യയും. ഒപെക് രാജ്യങ്ങളില്‍ സൗദിക്കും, ഒപെക് ഇതര രാജ്യങ്ങളില്‍ റഷ്യ്ക്കും മാത്രമാണ് നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദനം ഉയര്‍ത്താന്‍ കഴിയുക.