ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം കൂപ്പുക്കൂത്തി. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിലാണ് രൂപയുടെ മൂല്യം. വിപണി ആരംഭിക്കുമ്പോള്‍ 49 പൈസ താഴ്ന്ന ഡോളറിനെതിരെ 69.10 എന്ന നിലയിലായിരുന്നു രൂപയുടെ നിലവാരം.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 68.98 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.
അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തു നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ പ്രധാന കാരണം.
നവംബറോടെ ഇറാനിയന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്ക സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതോടെയാണ് ആഗോളതലത്തില്‍ എണ്ണവില കുതിച്ചു കയറിയത്.
എണ്ണവിതരണത്തില്‍ ലിബിയിലും കാനഡയിലും നേരിട്ട തടസ്സങ്ങളും എണ്ണവിലയെ സാരമായി ബാധിച്ചതോടെയാണ് രൂപയുടെ മൂല്യശോഷണത്തിലെത്തിച്ചതെന്ന് വിദേശനാണ്യ വിനിമയ വിപണിയിലെ വിദഗ്ധര്‍ പറഞ്ഞു.
ഇന്നലെ 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തിയിരുന്നു. 19 മാസത്തിനിടെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഇത്. എണ്ണ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മാത്രം 538.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.