X
    Categories: MoreViews

ട്രംപുമായി പ്രണയം: ആരോപണം നിക്കിഹാലി നിഷേധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് പ്രണയബന്ധമുണ്ടെന്ന വാര്‍ത്ത ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി നിഷേധിച്ചു. മ്ലേച്ഛവും കുറ്റകരവുമാണ് ആരോപണമെന്ന് അവര്‍ പറഞ്ഞു. ട്രംപിന്റെ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഫയര്‍ ആന്റ് ഫ്യൂറി എന്ന പുസ്തകം രചിച്ച മൈക്കള്‍ വുള്‍ഫാണ് ഹാലിയേയും ട്രംപിനെയും ബന്ധപ്പെടുത്തി ആരോപണമുന്നയിച്ചിരിക്കുന്നത്.

അത്തരം അഭ്യൂഹങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് നിക്കി ഹാലി വ്യക്തമാക്കി. ഭരണകൂടത്തിലെ ഒരു ഉന്നതയുമായി ട്രംപിന് പ്രണയബന്ധമുണ്ടെന്നും ഭാവി പ്രസിഡന്റായി സ്വയം ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയാണ് ആ സ്ത്രീയെന്നും വുള്‍ഫ് ആരോപിച്ചിരുന്നു. ട്രംപുമായി അവര്‍ ധാരാളം സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിലും വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസിലും ഇരുവരും സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാറുണ്ടെന്നും വുള്‍ഫ് പറയുന്നു. എന്നാല്‍ വുള്‍ഫിന്റെ ആരോപണങ്ങള്‍ മുഴുവന്‍ നിക്കി ഹാലി നിഷേധിച്ചു.

ഒരിക്കല്‍ മാത്രമേ താന്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ യാത്ര ചെയ്തിട്ടുള്ളൂ എന്നും അപ്പോള്‍ ധാരാളം പേര്‍ ഉണ്ടായിരുന്നുവെന്നും ഹാലി പറഞ്ഞു. എന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഓവല്‍ ഓഫീസില്‍ വെച്ച് ഞാന്‍ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരിക്കല്‍ പോലും രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രസിഡന്റിനോട് സംസാരിച്ചിട്ടില്ലെന്നും ഒരിക്കലും അദ്ദേഹത്തോടൊപ്പം തനിച്ചായിട്ടില്ലെന്നും ഹാലി വ്യക്തമാക്കി. ശക്തരായ സ്ത്രീകളോട് ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ കാണിക്കുന്ന അസഹിഷ്ണുതയാണെന്ന് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ വിശദീകരിച്ചു. നയ വിഷയങ്ങളില്‍ തനിക്കും പ്രസിഡന്റിനും ശക്തമായ അഭിപ്രായ ഐക്യമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: