X

സംവരണ ലക്ഷ്യം അട്ടിമറിക്കുന്ന വിധി-എഡിറ്റോറിയല്‍

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വവുമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തില്‍ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സമൂഹത്തെയും തലമുറയെയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കിയുള്ള ഭരണഘടനാഭേദഗതി ശരിവെച്ചുകൊണ്ട് ഇന്നലെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഈ ലക്ഷ്യം പാടേ അട്ടിമറിക്കുന്നതാണ്. വിധി നിരാശാജനകമാണ്.

ദുര്‍ബലത എന്ന വാക്ക് സംവരണത്തിന്റെ സാഹചര്യത്തില്‍ മനസിലാക്കേണ്ടത്, സാമൂഹികമായും ചരിത്രപരമായുമുള്ള കാരണങ്ങള്‍കൊണ്ട് അടിച്ചേല്‍പിക്കപ്പെട്ട ദുര്‍ബലത എന്നാണ്. ആ ദുര്‍ബലതയെ മറികടക്കാന്‍ വേണ്ടിയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തികമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള മറ്റ് പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കേണ്ടത്. സംവരണം എന്നത് സാമ്പത്തികപരമായ ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിനുള്ളതല്ല, മറിച്ച് സാമൂഹികവും വിദ്യാഭ്യാസപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ഏര്‍പ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചാണ്.

വിവിധ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാര്‍ വിവിധ കമ്മീഷനുകള്‍ നിയോഗിച്ചിരുന്നു. പട്ടിക ജാതി പിന്നാക്കാവസ്ഥ പഠിക്കാന്‍ കാക്കാ കലേല്‍ക്കര്‍ കമ്മീഷന്‍, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ മണ്ഡല്‍ കമ്മീഷന്‍, പട്ടിക ജാതി പിന്നാക്കാവസ്ഥ പഠിക്കാന്‍ രംഗനാഥ മിശ്ര കമ്മീഷന്‍, മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ സച്ചാര്‍ കമ്മീഷന്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇവരെല്ലാം നല്‍കിയ റിപ്പോര്‍ട്ട് അതത് സമുദായങ്ങള്‍ വളരെ പിന്നാക്കമാണെന്നാണ്. ഇവര്‍ മുന്നോക്കക്കാര്‍ക്കൊപ്പമെത്താന്‍ സംവരണമല്ലാതെ മറ്റു വഴികളില്ലെന്നും കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. മണ്ഡല്‍ കമ്മീഷന്‍ 1989ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രയോഗത്തില്‍വന്നത് 2006ല്‍ മാത്രമാണ്. സവര്‍ണ സംഘടനകള്‍ എതിര്‍ത്ത മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം പല കടമ്പകള്‍ കടന്നാണ് നടപ്പാക്കാന്‍ സാധിച്ചത്. മണ്ഡല്‍ കമ്മീഷന്‍ പുറത്തുകൊണ്ടുവന്ന യാഥാര്‍ഥ്യങ്ങള്‍ ഒ.ബി.സിക്കാരുടെ ദയനീയ അവസ്ഥ വരച്ചുകാട്ടുന്നതായിരുന്നു. അതിലും കഷ്ടമാണ് മുസ്‌ലിം വിഭാഗത്തിന്റെ അവസ്ഥയെന്ന് ബോധ്യപ്പെടുത്തുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.

കേവലം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ച്, വിശകലന സര്‍വേകളുടെ പിന്‍ബലമില്ലാതെ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാതത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. എസ്.സി-എസ്.ടി, എസ്.സി-ബി.സി കാറ്റഗറിയില്‍പെട്ട 50 ശതമാനത്തിലധികമാളുകള്‍ ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണ്. ആ വിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കുന്ന സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം, സമത്വം എന്ന ഭരണഘടനാതത്വത്തിനെതിരാണ്. സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പ്രാതിനിധ്യമാണ്, സാമ്പത്തിക ഉന്നമനമല്ല. തുല്യ പ്രാതിനിധ്യമെന്നാല്‍ സാമ്പത്തികമായ സമത്വമല്ല. അധികാര കേന്ദ്രങ്ങളിലടക്കം പ്രാതിനിധ്യത്തിലെ തുല്യതയും അവസരങ്ങളിലെ തുല്യതയും സ്റ്റാറ്റസിലെ തുല്യതയുമാണ് സംവരണത്തിന്റെ ലക്ഷ്യം.

75 വര്‍ഷമായി സംവരണം നടത്തി, സംവരണത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു എന്ന് പറയുന്നത് പൊള്ളയായ, നിരുത്തരവാദപരമായ ന്യായവാദമാണ്. ഏത് ഡാറ്റയുടെ അടിസ്ഥാനമാണ് ഇക്കാര്യത്തിലുള്ളത്? സ്വാതന്ത്ര്യാനന്തരം തുടര്‍ന്നുപോരുന്ന ഇപ്പോഴത്തെ സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിലും കഴമ്പില്ല. ഒരു ഡാറ്റയും ഇതിനെ സാധൂകരിക്കുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തി ഓരോ ജാതിക്കും ഈ രാജ്യത്തെ അധികാര കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? എന്നിട്ട് തീരുമാനിക്കാം ഇന്ത്യന്‍ ഭരണഘടനയും ബി.ആര്‍ അംബേദ്കറുമൊക്കെ മുന്നോട്ടുവെച്ച സംവരണം എന്ന മഹത്തായ ആശയത്തിന്റെ ലക്ഷ്യം പൂര്‍ണമായി പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന്.

മാറിയ സാഹചര്യത്തില്‍ പൊതുസമൂഹത്തിലും മറ്റ് പല സ്ഥാപനങ്ങളിലുമെന്നപോലെ ഇന്ത്യന്‍ സുപ്രീംകോടതിയിലും ഭരണഘടന ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ കാഴ്ചപ്പാടിന് വിരുദ്ധമായ രീതിയില്‍ വലതുപക്ഷ കാഴ്ചപ്പാട് വളര്‍ന്നുവരുന്നു എന്നത് ആശങ്കാജനകമാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വരെ ഇത്തരമൊരു വിധി കണ്ടതാണ്. സവര്‍ണ തമ്പുരാക്കന്മാരുടെ കീഴില്‍ മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്മാരായി കഴിയണമെന്നതാണ് സംഘ്പരിവര്‍ പ്രഭൃതികള്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് അവരെത്തുന്നുവെന്ന സൂചനകള്‍ പലതും കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇനി പൗരത്വ വിഷയത്തിലും മറിച്ചൊന്ന് സംഭവിക്കാനില്ല. ഓരോ ആനുകൂല്യങ്ങളും കവര്‍ന്നെടുത്ത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ അരികുവത്കരിക്കാനുള്ള നീക്കങ്ങളാണ് എങ്ങും നടക്കുന്നത്. സംവരണകാര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും കേരളത്തിലെ സി.പി.എം സര്‍ക്കാരും ഒരേ നിലപാടുകാരാണ്. വരും നാളുകളില്‍ രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ കൂടുതല്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സാഹചര്യത്തിലേക്കാണ് ഈ വിധിയുടെ അനന്തരഫലം ചെന്നെത്തുക. അതിനാല്‍ ഒരുമിച്ചുനിന്ന് ജനാധിപത്യരീതിയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കേണ്ടത് അനിവാര്യമാണ്.

Test User: