X

‘മലബാറില്‍ പ്ലസ് വണ്‍ സീറ്റിന് അതീവ ക്ഷാമമുണ്ട്’ മന്ത്രിയുടെ ‘കണക്കുകള്‍’ തിരുത്തി ഭരണകക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍

മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇല്ലെന്ന് കണക്കുകള്‍ നിരത്തിയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഭരണ കക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍. പ്ലസ് വണ്‍ സീറ്റിന് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എം.എല്‍.എ അഹമദ് ദേവര്‍കോവില്‍ സഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഇടപ്പെട്ടിട്ടും മലബാറില്‍ സീറ്റ് കുറവുണ്ടെന്ന് അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിന്റെ സമീപനം ശരിയല്ല. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എയിഡഡ്, അണ്‍എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുറത്തുനില്‍ക്കെ ഇനി എത്ര പേര്‍ക്ക് അഡ്മിഷന്‍ ലഭിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം മലബാര്‍ ജില്ലകളിലെ 80,000ല്‍ അധികം വിദ്യാര്‍ഥികളാണ് സീറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്.

സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കണക്കുകള്‍ കാണിച്ച് സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്ന് കാണിച്ചിട്ടും സര്‍ക്കാര്‍ പഴയ നിലപാടില്‍ തന്നെ തുടരുകയാണ്. ഡിപ്ലോമ സീറ്റുകളും മറ്റും കാണിച്ചാണ് സര്‍ക്കാര്‍ പ്രതിസന്ധി ഇല്ലെന്ന ന്യായം ഉന്നയിക്കുന്നത്. സംഭവത്തില്‍ എം.എസ്.എഫ്, കെ.എസ്.യു, എസ്.കെ.എസ്.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങീ എല്ലാ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.

webdesk13: