X
    Categories: Views

ഭരണഘടന മാറ്റിമറിക്കാനുള്ള നീക്കവുമായി ബി.ജെ.പി

ഡോ. രാംപുനിയാനി

ഹൈന്ദവ ദേശീയതയില്‍ വിശ്വസിക്കുന്ന ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനയുടെ കാര്യത്തില്‍ ധര്‍മസങ്കടത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഭരണഘടനയെ ആദരിക്കല്‍ അവര്‍ക്ക് അനിവാര്യമായി മാറുകയാണ്. ഈ ഭരണഘടന രക്ഷകരായ ദലിതരും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെതുള്‍പ്പെടെയുള്ള മുഴുവന്‍ വിഭാഗത്തിന്റെയും വോട്ട് ലഭ്യമാക്കുകയെന്ന ഉദ്ദേശം മാത്രമാണ് അവര്‍ക്കുള്ളത്. ഭരണഘടനയില്‍ മാറ്റംവരുത്തുന്നതിനുള്ള രാഷ്ട്രീയ ശക്തി ഇപ്പോള്‍ ബി.ജെ.പിക്ക് കൈവന്നിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പരസ്യമായി സംസാരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

കൂടാതെ, സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ദിശയില്‍ ബാബ സാഹിബ് അംബേദ്കറുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കുന്ന ദലിതരില്‍ വലിയ വിഭാഗത്തിന് ഭരണഘടന വൈകാരികമായ മൂല്യങ്ങളാണ്. ബി.ജെ.പി അധികാരത്തില്‍ വന്നത് ഭരണഘടനയില്‍ മാറ്റം വരുത്താനാണെന്നതിലേക്ക് വെളിച്ചംവീശുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന ബി.ജെ.പിയുടെ മൊത്തത്തിലുള്ള തന്ത്രങ്ങളുമായി പൊരുത്തപ്പെടുന്നില്ലായിരിക്കാം. ഇതേക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയെന്നതാണ് ആദ്യം വേണ്ടത്. ‘മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ ബ്രാഹ്മണനെന്നോ ലിങ്കായത്ത് എന്നോ അല്ലെങ്കില്‍ ഹിന്ദുവെന്നോ വ്യക്തമാക്കി സധൈര്യം ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഞാന്‍ സന്തോഷവാനായിരിക്കും. പക്ഷേ കുഴപ്പം അവര്‍ മതേതരവാദികളാണെന്ന് പറഞ്ഞ് വരുമ്പോഴാണ്.’ ബ്രാഹ്മണ്‍ യുവ പരിഷത്ത് യോഗത്തില്‍ പ്രസംഗിക്കവേ മന്ത്രി ഹെഗ്‌ഡെ വ്യക്തമാക്കി. കൂടാതെ, ഇപ്പോള്‍ ബി.ജെ.പി ഭരണത്തില്‍ വന്നിട്ടുള്ളത് ഭരണഘടനയില്‍ മാറ്റം വരുത്താനാണെന്നും ഹെഗ്‌ഡെ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പിന്നീട് ലോക്‌സഭയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ ‘ഭരണഘടനയില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ചും മതേതരത്വത്തെക്കുറിച്ചും നടത്തിയ തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന്’ പറഞ്ഞ് തരണം ചെയ്യുകയായിരുന്നു.

തീര്‍ച്ചയായും ബി.ജെ.പിയുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ക്ഷമാപണം തികച്ചും തന്ത്രപരമായതാണ്. ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി ഭരണഘടനയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതും നിയമപ്രകാരം അത് സത്യം ചെയ്യേണ്ടതുമാണ്. എന്നിട്ടും 1998 ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നപ്പോള്‍ ഭരണഘടന അവലോകനം ചെയ്യാന്‍ വെങ്കടാചെലയ്യ കമ്മീഷനെ നിയമിച്ചിരുന്നു. ഒരുപക്ഷേ, അവരുടെ ഭാഗത്തുനിന്നുണ്ടായ തുറന്നതും സൂക്ഷ്മവുമായ ആദ്യ ‘ഉദ്ദേശ്യ പ്രസ്താവന’ അതായിരിക്കാം. മറ്റൊരു കാര്യം, ഭരണഘടന അവലോകനം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിപക്ഷത്തുനിന്നും സമൂഹത്തിന്റെ വലിയ വിഭാഗത്തില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പാണ് കാണാനായത്. ഇതേതുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപേക്ഷിച്ചു.

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2015ലെ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ അവര്‍ പുറത്തിറക്കിയ പരസ്യത്തില്‍ ഭരണഘടയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കപ്പെട്ടിരുന്നു. മതേതരത്വമെന്ന വാക്ക് ഇന്ത്യയില്‍ വലിയ കള്ളമാണെന്ന് 2017 നവംബറില്‍ യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.

നിഗൂഢമായ അവരുടെ അജണ്ട ഇപ്പോള്‍ ബി.ജെ.പി എളുപ്പത്തില്‍ വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും, കശ്മീരിനെ സംബന്ധിച്ച ആര്‍ട്ടിക്ക്ള്‍ 370, മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 25 ാം വകുപ്പ്, ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള 30 ാം വകുപ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന ഇപ്പോഴത്തെ ഭരണഘടനയിലും നിയമത്തിലും ബി.ജെ.പി ആശ്വാസം കൊള്ളുന്നില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. ആര്‍.എസ്.എസ് സംഘ്പരിവാരത്തിന്റെ ഒരു ഭാഗമാണ് ബി.ജെ.പി. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കേണ്ടതുണ്ട്. വി.എച്ച്.പി പോലുള്ള പങ്കാളികള്‍ ഇക്കാര്യത്തില്‍ എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണഘടനയോടുള്ള എതിര്‍പ്പ് ഈ സംഘടനകള്‍ പലവട്ടം വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ പുരാണ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി മാത്രമുള്ളതാണ് അവരുടെ ലക്ഷ്യം.

ഇപ്പോഴത്തെ ഭരണഘടന നല്‍കുന്ന ജനാധിപത്യ മതനിരപേക്ഷ ഇടം ഉപയോഗപ്പെടുത്തി ഹിന്ദു ദേശീയവാദത്തിനു വഴിയൊരുക്കാന്‍ ശ്രമിക്കുകയെന്നതാണ് ഹിന്ദു നാഷണലിസ്റ്റ് രാഷ്ട്രീയ രൂപവത്കരണത്തിന്റെ മുഴുവന്‍ പരിശ്രമങ്ങളും. ‘ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ പ്രാദേശിക ദേശീയത അപരിഷ്‌കൃതമാണ്’ എന്നാണ് ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ എഴുതിയത്. അതനുസരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു: രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു കെട്ടല്ല ഒരു രാജ്യം. പക്ഷേ ദേശീയ സാംസ്‌കാരികതയുടെ സാക്ഷാത്കാരവും- ഇന്ത്യയില്‍ ‘പുരാതനവും ഉത്കൃഷ്ടവുമായ’ ഹിന്ദുമതവുമാണ്. മനുസ്മൃതിയിലെ നിയമത്തെ പുകഴ്ത്തുന്ന ഗോള്‍വാള്‍ക്കര്‍ ഹിന്ദു സംസ്‌കാരത്തിനു വിരുദ്ധമായുള്ള ജനാധിപത്യത്തെ പുച്ഛിക്കുകയാണ്.
1949 നവംബര്‍ 26ന് ഭരണഘടന നിര്‍മാണ സഭ ഇന്ത്യന്‍ ഭരണഘടന പാസ്സാക്കുമ്പോള്‍ ആര്‍.എസ്.എസ് സന്തോഷത്തിലായിരുന്നില്ല. അവരുടെ മുഖപത്രം ഓര്‍ഗനൈസര്‍ 1949 നവംബര്‍ 30ന് ഇതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയിരുന്നു. ‘…എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ പുരാതന ഭാരതത്തിലെ അദ്വിതീയ ഭരണഘടനാ വികാസത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സ്പാര്‍ട്ടയിലെ ലാര്‍ഗൂംഗസ് അല്ലെങ്കില്‍ പെര്‍ഷ്യയിലെ സോളോണിന് മുമ്പുതന്നെ മനുസ്മൃതി നിയമങ്ങള്‍ എഴുതപ്പെട്ടതാണ്. മനുസ്മൃതിയില്‍ അവതരിപ്പിച്ച നിയമങ്ങള്‍ ഇന്നും ലോകത്ത് അഭിമാനകരമായി പ്രചോദിപ്പിക്കുകയും സ്വീകാര്യത നേടുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അത് ഒന്നുമല്ല’.

ഹൈന്ദവ ദേശീയവാദികളില്‍ ഭൂരിപക്ഷത്തിനും അവരുടെ ആവേശത്തിന് പ്രചോദനമാകുന്നത് വി.ഡി സവര്‍ക്കര്‍ എന്ന മുഖ്യ സൈദ്ധാന്തികനിലൂടെയാണ്. ആര്‍.എസ്.എസ് പരിവാരത്തിന്റെ മറ്റൊരു പ്രധാന സൈദ്ധാന്തികനാണ് ദീന്‍ ദയാല്‍ ഉപാധ്യായ. ബി.ജെ.പിയുടെ മുന്‍ അവതാരമായ ഭാരതീയ ജനസംഘിന്റെ ഭാഗമായിരുന്നു അദ്ദേഹം. നമ്മുടെ ജീവിത രീതിക്കനുസരിച്ചുള്ള യഥാര്‍ത്ഥ ബന്ധങ്ങളും വ്യക്തിക്കും സമൂഹത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള യുക്തിപരമായ ഇന്ത്യന്‍ ആശയങ്ങളും ഒഴിവാക്കിയുള്ള പാശ്ചാത്യരെ അനുകരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യ എഴുതിയുണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു രാഷ്ട്രീയ തത്വശാസ്ത്രം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയത എന്ന ആശയത്തെ ഒരു പ്രദേശത്തേക്ക് ചുരുക്കുന്ന മതിഭ്രമം ബാധിച്ച ജനങ്ങള്‍ ഉണ്ടായിരുന്ന ഭരതം പോലെ ഒരു പുരാതന രാഷ്ട്രത്തിന് അനുയോജ്യമായതായിരിക്കണം ഭരണഘടനയെന്നാണ് മുന്‍ സൈദ്ധാന്തികരെപ്പോലെ ഉപാധ്യായക്കും തോന്നിയത്. ബ്രിട്ടീഷുകാര്‍ക്കെതിരായ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെ ഒരു നയത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഖിലാഫത്ത് പ്രസ്ഥാനം മുതലുള്ള ദേശീയ പ്രസ്ഥാനം മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുന്നതിനുള്ള നയമായി വ്യതിചലിച്ചതായാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നതുപോലെ അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ മൊത്തം വിമര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം നിലവിലെ ബി.ജെ.പി നേതാക്കളുടെ പ്രചാരണത്തിന് വലിയ പ്രചോദനമാണ്. 25, 30, 370 തുടങ്ങിയ വകുപ്പുകള്‍ സംബന്ധിച്ച് ബി.ജെ.പിക്ക് ആസ്വാരസ്യമുണ്ട്. ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ച സമത്വത്തിന്റെ അടിസ്ഥാന ആശയത്തില്‍ നിന്നാണ് ഈ കളികളെല്ലാം. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രങ്ങളുടെ സ്രോതസ് മനുസ്മൃതിയാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബാബ സാഹിബ് അംബേദ്കറുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മിച്ചെടുത്ത കൃത്യമായ പുസ്തകമാണ് ഇന്ത്യന്‍ ഭരണഘടയയെന്ന കാര്യത്തില്‍ അത്ഭുതമില്ല.

chandrika: