ഇസ്‌ലാമാബാദ്:പാകിസ്താനില്‍ ഇനി പുതിയ പ്രധാനമന്ത്രി. പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഷഹബാസിനെ അനുകൂലിച്ച് വോട്ടുചെയ്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ഖാന് പകരമാണ് പുതിയ പ്രധനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
അതേസമയം പാകിസ്താന്റെ പ്രധാനമന്ത്രിയാകാന്‍ തയാറെടുക്കുന്ന ശഹബാസ് ശരീഫ് രാജ്യത്തിന് പുറത്ത് ഏറെയൊന്നും അറിയപ്പെട്ട ആളല്ല. പക്ഷെ, പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മികച്ച ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിനകത്ത് പേരും പെരുമയും നേടിയ രാഷ്ട്രീയക്കാരനാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനായ ഈ 70കാരന്‍ തന്നെയാണ് ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത്.
ശരീഫില്‍നിന്ന് വ്യത്യസ്തനായി പാക് പട്ടാള നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും തെറ്റായ വിദേശ നയങ്ങളും ആടിയുലയുന്ന സമ്പദ്ഘടനയും രാജ്യത്തെ തകര്‍ത്തതായി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ശഹബാസ് ആരോപിച്ചിരുന്നു. നല്ലതിനായാലും മോശപ്പെട്ടതിനായാലും സുഹൃദ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ താന്‍ പരമാവധി ശ്രമിക്കും. ഉത്തരവാദപ്പെട്ട ഒരു രാജ്യമാണ് പാകിസ്താന്‍. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.-ശഹബാസ് വ്യക്തമാക്കി.
എന്നാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പ്രതിസന്ധികളാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ളത്. ആടിയുലഞ്ഞ നയതന്ത്ര ബന്ധങ്ങളും തകര്‍ന്ന സമ്പദ് വ്യവസ്ഥയും വെല്ലുവിളികള്‍ നിറഞ്ഞ ആഭ്യന്തരവും നേരെയാക്കാതെ ശഹബാസിന് മുന്നോട്ടു പോകാനാവില്ല. കടവും നാണ്യപ്പെരുപ്പവും പാകിസ്താനെ തളര്‍ത്തിരിക്കുകയാണ്. പാക് രൂപയുടെ മൂല്യം ഒരു ഡോളറിന് 190 ആയി ഇടിഞ്ഞിട്ടുണ്ട്.
വിദേശം കടം 130 ബില്യണ്‍ ഡോളറാണ്. അഫ്ഗാനിസ്താനിലെ ഭരണമാറ്റം പാകിസ്താന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ബലൂചിസ്താനില്‍ വിഘടനവാദികള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്.