കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുകയാണെന്നും പുതിയ സംഭവ വികാസങ്ങളിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിട്ട് കുറ്റകൃത്യത്തിൽ പങ്കാളികളായി പോലീസ് തന്നെ കുറ്റാരോപിതരാവുകയാണ്. ഇത് കേരളം മുമ്പ് കാണാത്ത കാര്യമാണ്. സ്വർണ്ണക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്ന വാർത്തകളാണ് വരുന്നത്. നിയമവാഴ്ച തകർന്നിരിക്കുകയാണ്. തങ്ങളെ സംരക്ഷിക്കാൻ ആരെ സമീപിക്കണമെന്നാണ് ജനം ചോദിക്കുന്നത്. സർക്കാറിനാണ് ഈ സംഭവങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ ആര് വെളിപ്പെടുത്തുന്നു എന്നതല്ല, പറഞ്ഞ കാര്യങ്ങളാണ് പ്രധാനം. യു.ഡി.എഫ് വളരെ ഗൗരവത്തിലാണ് ഈ വിഷയങ്ങളെ കാണുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. അക്രമങ്ങൾ കൊണ്ട് ഇത് അടിച്ചമർത്താമെന്ന് പോലീസ് കരുതണ്ട. യു.ഡി.എഫും മുസ്ലിംലീഗും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഈ വ്യവസ്ഥിതിക്കെതിരായി ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.