X
    Categories: MoreViews

ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പ്രളയദുരിതം പങ്കുവെച്ച് വീട്ടമ്മമാര്‍

കാവാലത്തെ രുക്മിണിയമ്മയുടെ ഗ്രഹസന്ദർശന വേളയിൽ നിന്നും

കാവാലം: പ്രളയക്കെടുതി മൂലം ദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കരകയറ്റാന്‍ കെ.പി.സി.യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മഹായജ്ഞത്തിന് നേതൃത്വം നല്‍കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതങ്ങളുടെ കെട്ടഴിച്ച് കാവാലം നിവാസികള്‍.
ഇന്നലെ രാവിലെ മുതല്‍ കാവാലം പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങളിലെ മുക്കിലും മൂലയിലുമെത്തിയ ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ കണ്ണീരോടെയാണ് വീട്ടമ്മമാര്‍ പ്രളയദുരിതങ്ങള്‍ പങ്കുവച്ചത്. പ്രളയം ഏറ്റവുമധികം ദിരിതത്തിലാക്കിയ ഒട്ടേറെ വീടുകളില്‍ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം നേരിട്ടെത്തിയാണ് നാടിന്റെ സങ്കടങ്ങള്‍ കണ്ടറിഞ്ഞത്. പ്രളയത്തില്‍ സകലസമ്പാദ്യങ്ങളും നഷ്ടപ്പെട്ട നാട്ടുകാരുടെ അതിജീവനത്തിന് വഴിയൊരുക്കിയാണ് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാവാലത്ത് കോട്ടയത്തു നിന്നുമെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതമേഖലകളില്‍ സാന്ത്വനം പകര്‍ന്നത്.
ലോറികളിലടക്കം സര്‍വ്വ സന്നാഹങ്ങളുമായാണ് ഇന്നലെ രാവിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവാലത്ത് എത്തിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപ്രതീക്ഷിത ദുരന്തം മൂലം പകച്ച് നിന്ന കാവാലത്തിന് കൈത്താങ്ങായി. ഈ പ്രദേശത്ത് വെള്ളം കയറി ഉപയോഗശൂന്യമായിപ്പോയ നൂറ്കണക്കിന് കിണറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേകി വൃത്തിയാക്കി. സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടിലെ കിണറടക്കം തേകിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. പുതുപ്പള്ളിയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന 84-കാരിയായ പുത്തന്‍പുരയില്‍ സരസ്വതിയമ്മയ്ക്ക് ഒറ്റ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ചാണ്ടിയെ ഒന്ന് കാണണം. മൂത്തമകളെ വിവാഹം കഴിച്ചയച്ച വകയില്‍ പുതുപ്പള്ളിയുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നിയോഗിച്ച 22 അംഗ മെഡിക്കല്‍ സംഘവും ഇന്നലെ വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ.പ്രകാശിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാരും 16 പാരാമെഡിക്കല്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

chandrika: