ന്യൂഡല്‍ഹി: റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20ല്‍നിന്ന് 30 ശതമാനമായി കൂട്ടിയെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റബ്ബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. എന്നാല്‍ അത്തരത്തിലൊരു നടപടി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു. റബ്ബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറുമാസത്തിനകം ഉപയോഗിക്കകണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.
റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയാക്കിയാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മണിപ്പുര്‍ കലാപം വംശഹത്യയായി പരിണമിക്കുന്ന് പറഞ്ഞും 2002ലെ ഗുജറാത്ത് കലാപത്തോട് മണിപ്പുരിനെ ഉപമിച്ചും അദ്ദേഹം രംഗത്തുവന്നിരുന്നു.