X

പിണറായിയുടെ പോലീസ് നന്നാവാത്തതെന്താ?

സൈനുദ്ദീന്‍ കണ്ണാടിപ്പറമ്പ

മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ തൊപ്പി തെറിപ്പിക്കുമെന്ന് മുഖ്യമന്ത്രി തുടര്‍ച്ചയായി നല്‍കുന്ന താക്കീതുകള്‍ വകവെക്കാതെ, കാക്കിയുടെ ബലത്തില്‍ ജനത്തെ ഇടിച്ചു പിഴിയുകയാണ് കേരള പൊലീസ്. കൊല്ലം കിളികൊല്ലൂരില്‍ പൊലീസുകാരെ ആക്രമിച്ചെന്നു കള്ളക്കേസെടുത്തു സൈനികനേയും സഹോദരനെയും ഇടിച്ചു ഇഞ്ചപ്പരുപമാക്കിയതാണ് സമീപകാലത്തെ മൂന്നാംമുറ.
മൂന്നാം മുറക്ക് പുറമെ കുട്ടികളെ തല്ലല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ അടുത്ത കാലത്ത് പൊലീസിനെതിരെ പരാതി പ്രളയമാണ്. എന്നിട്ടും ഇത്തരം ഉദ്യോഗസ്ഥന്മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനോ ഇത്തരക്കാര്‍ക്കെതിരെ നടപടി കൈകൊള്ളാനോ ഭരണകൂടം ശ്രമിക്കാത്തത് എന്ത് കൊണ്ടാണ്.

സാധാരണക്കാരായ ആളുകള്‍ക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി പോകാന്‍ തന്നെ ഭയമാണ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് തട്ടിക്കയറുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഒരു പൊലീസ് സ്‌റ്റേഷനെതിരെ ഒട്ടെറെ പരാതികള്‍ ഉണ്ട്. റോഡ് സൈഡില്‍ വെച്ച് പുകവലിച്ചെന്നു ആരോപിച്ചു എസ്.ഐ യുവാവിനെ സ്‌റ്റേഷനില്‍ കൊണ്ട് പോയി മര്‍ദിച്ചു. ഫുട്‌ബോള്‍ കളിക്കിടെ റോഡിലേക്ക് വന്ന ബോള്‍ എടുക്കാന്‍ വന്ന പത്തൊന്‍പത്കാരനെ എസ്.ഐ സ്‌റ്റേഷനില്‍ കൊണ്ട് പോയി ചീത്ത പറയുകയും മര്‍ദിക്കുകയും ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ്. കോഴിക്കോട് ഫറോക്കില്‍ പി.എസ്.സി പരീക്ഷക്ക് ബൈക്കില്‍ പോകുകയായിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ബൈക്കിന്റെ താക്കോല്‍ പൊലീസ് ഊരിയെടുത്തത് ഈ അടുത്താണ്. ഇതേതുടര്‍ന്ന് അവസരം നഷ്ടമായ യുവാവിന്റെ വേദനക്ക് ആര് മറുപടി നല്‍കും.

പൊലീസിനെ പേടിച്ചു പുറത്ത് ഇറങ്ങിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍. എമാന്മാര്‍ക്ക് എന്തെങ്കിലും തിരുവുള്ളക്കേടു തോന്നിയാല്‍ ബാലപീഢനമോ, സ്ത്രീപീഢനമോ, ലഹരികടത്തോ എന്ത് കേസാണ് തലയില്‍ വെച്ച് കെട്ടുക എന്ന് അറിയില്ല. പിന്നീട് കോടതി കയറി ഇറങ്ങി നിരപരാധിത്വം തെളിയിക്കുമ്പോഴേക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം തീര്‍ന്നിട്ടുണ്ടാവും. കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ലഹരി കേസില്‍ കുടുക്കിയത് ക്രൂരതയാണ്. ഇതിലൊരു യുവാവിന്റെ വിവാഹം വരേ മുടങ്ങി. ഇതിനു മുമ്പ് കണ്ണൂരില്‍ പ്രവാസിയായ യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു ചോദ്യം ചെയ്യലിന് എന്ന പേരില്‍ പൊലീസ് കൊണ്ടുപോയി പിന്നീട് പുറത്തിറങ്ങിയത് 54 ദിവസങ്ങള്‍ക്ക് ശേഷമാണ്. നിരപരാധിയാണന്നു കണ്ടു പിന്നീട് വിട്ടയക്കുകയായിരുന്നു. ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ എസ്.ഐക്ക് സ്ഥലം മാറ്റമാണ് ലഭിച്ചത്. അത്രയും നാള്‍ നിരപരാധിയായ യുവാവും കുടുംബവും അനുഭവിച്ച വേദനക്കും അപമാനത്തിനും ആരാണ് സമാധാനം പറയുക.

ആഭ്യന്തര മന്ത്രിയും ഡി.ജി.പിയുമെല്ലാം ഇതൊന്നും അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതാണോ. ജനങ്ങള്‍ക്ക് രക്ഷയേകാന്‍ ജനമൈത്രി പൊലീസ് പോലുള്ള പദ്ധതികള്‍ നടപ്പാക്കി മാതൃകയായ കേരളത്തില്‍ പൊലീസ് എന്ന പേരിനു അര്‍ഹമല്ലാത്ത കുറെ പേരുണ്ടന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കസ്റ്റഡി മരണമുണ്ടായപ്പോള്‍ പൊലീസിലെ ഉന്നതരുടെ യോഗം വിളിച്ചു മുഖ്യമന്ത്രി കര്‍ശനമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ പാലിക്കപെടുന്നില്ലന്നാണ് വാസ്തവം.

പൊലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വിയും വോയിസ് റെക്കോഡറും സ്ഥാപിക്കണമെന്നും ശബ്ദവും ദൃശ്യവും ഒന്നര കൊല്ലം സൂക്ഷിക്കണമെന്നും സുപ്രീംകോടതി വിധിച്ചത് അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്. കിളികൊല്ലൂര്‍ സ്‌റ്റേഷനിലും ആ സംവിധാനമുണ്ട്. അക്കാര്യം പോലും മറന്നാണ് പൊലീസുകാര്‍ മര്‍ദിച്ചത്. ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകാത്തത്‌കൊണ്ടാണ് പൊലീസ് നിരപരാധിയായ ജനങ്ങളെ വേട്ടയാടുന്നത്. പൊലീസ് സ്‌റ്റേഷനുകള്‍ ജനസൗഹൃദമാകണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധനയില്ല. അതിക്രമം കാട്ടുന്നവരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന ഉറച്ച സന്ദേശം നല്‍കാന്‍ ആഭ്യന്തര വകുപ്പിന് കഴിയണം.

Test User: