തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ സൂചനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും ഇത് ബാധകമാണ്.
മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പുറത്തുനിന്ന് വരുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട, കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണം. പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരും ആര്‍ടി പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.