X

ആര്‍.ടി.പി.സി.ആര്‍ നിരക്ക് നിര്‍ണ്ണയിക്കുന്നത് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ റാപിഡ് ആര്‍.ടി.പി. സി.ആര്‍ ടെസ്റ്റിന്റെ തുകയുടെ നിരക്ക് നിര്‍ണ്ണയിക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണെന്ന് വ്യോമയാന സഹമന്ത്രി ഡോ. വി.കെ സിങ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ അനുസരിച്ചാണ് വിമാനത്താവളത്തിലെ ലാബുകള്‍ ടെസ്റ്റ് നടത്തുന്നതെന്ന് സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

ടെസ്റ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് നിരക്ക് 500 രൂപയാണെന്നും എന്നാല്‍ 1975 രൂപ മുതല്‍ 3000 രൂപവരെ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു. പരിശോധനക്ക് ഉപയോഗിക്കുന്ന സാങ്കേതിക രീതികളുടെ വ്യത്യാസമാണ് ഈ ഏറ്റക്കുറച്ചിലിനു കാരണം. സംസ്ഥാനങ്ങളാണ് റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് തീരുമാനിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ സമദാനിയെ അറിയിച്ചു.

പരിശോധന നടത്താനുള്ള യന്ത്രസംവിധാനങ്ങള്‍ രാജ്യത്താകെ വിപുലമായി ലഭ്യമായി തുടങ്ങിയതോടെ ടെസ്റ്റ് നിരക്കില്‍ കുറവ് വരുന്നുണ്ടെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. വിമാനത്താവളത്തിലെ നിര്‍ബന്ധിത റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മൂലം യാത്രക്കാര്‍ പൊതുവിലും പ്രവാസികള്‍ പ്രത്യേകിച്ചും അനുഭവിക്കുന്ന പ്രയാസങ്ങളിലേക്കും സാമ്പത്തിക ഭാരത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു സമദാനിയുടെ ചോദ്യങ്ങള്‍.വിദേശ രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ടെസ്റ്റ് ഒഴിവാക്കാനോ ടെസ്റ്റിന്റെ നിരക്ക് കുറച്ച് പുറത്തുള്ള സാധാരണ നിരക്കിന് സമമാക്കാനോ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു രണ്ട് മന്ത്രാലയത്തിനും നല്‍കിയ ചോദ്യങ്ങള്‍. സാധാരണ ആര്‍.ടി.പി.സി.അര്‍ടെസ്റ്റിന് ഏകദേശം 500 രൂപയാണ് ചാര്‍ജ്. റാപിഡ് ആര്‍.ടി.പി.സി ആറിന്റെ നിരക്കാകട്ടെ 1975 രൂപക്കും 3000 രൂപക്കും ഇടയിലാണ് വരുന്നത്.

Test User: