X
    Categories: indiaNews

ഇടക്കാല ഹര്‍ജി പരിഗണിക്കാന്‍ എടുക്കുന്ന ശരാശരി സമയമെത്ര? സുപ്രിംകോടതിയില്‍ ആര്‍ടിഐ അപേക്ഷ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ജാമ്യ ഹര്‍ജികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ അപേക്ഷ. വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞത്. സുപ്രിം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ള ഇടക്കാല ജാമ്യാപേക്ഷകള്‍ എത്ര?, ഒരു ഇടക്കാല ജാമ്യം പരിഗണിക്കാന്‍ എടുക്കുന്ന ശരാശരി സമയം എത്ര എന്നീ രണ്ട് ചോദ്യങ്ങളാണ് രജിസ്ട്രാര്‍ അജയ് അഗര്‍വാളിന് നല്‍കിയ അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ളത്.

ഇന്നലെയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നത്. നേരത്തെ ബോംബെ ഹൈക്കോടതി അര്‍ണബിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ നടപടി ശരിയായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിക്കെതിരെ സുപ്രിം കോടതി ബഞ്ച് രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.

വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കോടതി ഇവിടെയുള്ളത് എന്നും ഭരണകൂടങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അതു ഉറപ്പുവരുത്തുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ തിടുക്കപ്പെട്ട് അര്‍ണബിന് ജാമ്യം നല്‍കിയ വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. മറ്റു കേസുകളില്‍ അറസ്റ്റിലായ വ്യക്തികള്‍ക്ക് ഈ നിരീക്ഷണങ്ങള്‍ ബാധകമല്ലേ എന്നാണ് അവര്‍ ചോദിച്ചിരുന്നത്.

 

Test User: