X

കേന്ദ്ര ബജറ്റ്; പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്‍ എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ്. കൂടുതല്‍ ജനിതക ഗുണമുള്ള കന്നുകാലി ഇനങ്ങളെ ഉത്പാദിപ്പിക്കാനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗ് മികച്ച പദ്ധതിയാണെന്ന് ആര്‍എസ്എസ് ഗോ സേവാ പ്രമുഖ് അജിത് മഹാപത്ര പറഞ്ഞു.

പശുവിനായി ദേശീയ കമ്മീഷനെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നാടന്‍ പശുക്കളെയാണോ ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം. ദേശീയ കമ്മീഷനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും പശുക്കളുടെ പ്രാധാന്യത്തെയും സുരക്ഷയെയും ലക്ഷ്യമാക്കി ഒരു ഏജന്‍സി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മഹാപത്ര വ്യക്തമാക്കി. ഗ്രാമങ്ങളുടെ വികസനത്തിലും കൃഷിയിലും പശുക്കള്‍ക്ക് പ്രാധാന്യമുണ്ട്. പാല്‍, നെയ്യ്, വെണ്ണ, ചാണകം, മൂത്രം എന്നിവ നല്‍കുന്നു. കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ ഉത്പന്നങ്ങളാണിവ എന്നും മഹാപത്ര വിശദീകരിച്ചു.

മോഹന്‍ ഭഗവത്, ആര്‍ എസ് സുദര്‍ശന്‍ എന്നീ നേതാക്കള്‍ പശുസംരക്ഷണത്തിനായി അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. പശുസംരക്ഷണത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്രാമത്തിലെ അഞ്ച് ശതമാനം ആളുകളെങ്കിലും വീടുകളില്‍ പശുക്കളെ വളര്‍ത്തണം. ഈ വര്‍ഷം ആര്‍എസ് എസിന്റെ ഗോസേവാ സെല്‍ ചാണകത്തിന്റെയും പശുമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചിരുന്നു. ഗോ ജപ മഹായാഗവും നടത്തിയിരുന്നതായി അജിത് മഹാപത്ര വ്യക്തമാക്കി.

chandrika: