ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട മുഖര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് സംഭവം.
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്താന്‍ തീരുമാനിച്ചതോടെ പ്രണബിന് വിമര്‍ശനവും ഉപദേശവുമായി ഷര്‍മിഷ്ട രംഗത്തെത്തിയിരുന്നു. ആസ്ഥാനത്ത് നടത്തുന്ന പ്രസംഗം എല്ലാവരും മറക്കുമെന്നും അവിടെയുള്ള ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്നായിരുന്നു ഷര്‍മിഷ്ട പറഞ്ഞത്. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണിപ്പോള്‍. തലയില്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നത്. മോഹന്‍ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും ധരിച്ചപോലെയുള്ള കറുത്ത തൊപ്പിയാണ് ചിത്രത്തില്‍ പ്രണബിന്റെ തലയിലും മോര്‍ഫ് ചെയ്ത് വെച്ചിട്ടുള്ളത്. ചിത്രത്തില്‍ കൈ നെഞ്ചിലും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ഷര്‍മിഷ്ട പ്രതികരിച്ചു. ‘ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്നേ തന്നെ ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്’-ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.
പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.
ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചിരുന്നു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്.