X

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം:സി.പി.എമ്മിനെ തള്ളി രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഒരാള്‍കൂടി പിടിയില്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയിലായി. മംഗലാപുരം സ്വദേശി ഭായി എന്ന രതീഷിനെയാണ് പോലീസ് പിടികൂടിയത്.നേരത്തെ കേസില്‍ ആറുപേര്‍ അറസ്റ്റിലായിരുന്നു. രാജേഷിന്റെ മരണമൊഴിയനുസരിച്ച് മണിക്കുട്ടന്‍ എന്നയാളുള്‍പ്പെടെ ആറുപേര്‍ പിടിയിലായത്.

അതേസമയം, സി.പി.എമ്മിന്റെ വാദത്തെ തള്ളിയാണ് കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ ഇത് രാഷ്ട്രീയകൊലപാതകമാണെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സംഘര്‍ഷത്തില്‍ ബി.ജെ.പിക്കാര്‍ക്ക് രാജേഷ് സഹായം ചെയ്തു നല്‍കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണിക്കുട്ടനാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നും മറ്റു അഞ്ചുപേര്‍ സഹായം നല്‍കിയെന്നും പറയുന്ന എഫ്.ഐ.ആറില്‍ പിടിയിലായവര്‍ ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകമടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് രാജേഷിനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. ആക്രമണത്തില്‍ വെട്ടേറ്റ രാജേഷിന്റെ കൈ അറ്റുപോയിരുന്നു. മെഡിക്കല്‍ കോളേജിലെത്തിച്ച രാജേഷിന്റെ അറ്റ കൈ തുന്നിച്ചേര്‍ക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. രാജേഷിന്റെ ശരീരത്തില്‍ 40 വെട്ടുകളേറ്റിരുന്നു.

chandrika: