ന്യൂഡല്‍ഹി: ഹേമന്ത് കര്‍ക്കറെക്കും ജസ്റ്റിസ് ലോയക്കും ശേഷം ഹിന്ദുത്വ ഭീകരതയെ വെളിച്ചത്ത് കൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥന് കൂടി ജീവന്‍ നഷ്ടപ്പെട്ടു. സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഹിന്ദുത്വ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ഉദ്യോഗസ്ഥരുടെ ഗതിയെന്താവുമെന്ന മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപകാരികളുടെ ആക്രമണത്തില്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് തികച്ചും ആസൂത്രിതം. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് സുബോധ് കണ്ടെത്തിയിരുന്നു. ഇതാണ് അദ്ദേഹത്തെ ഹിന്ദുത്വരുടെ കണ്ണിലെ കരടാക്കിയതും. കഴിഞ്ഞ നാലര വര്‍ഷത്തിനിടെയുണ്ടായ നൂറുകണക്കിന് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ആദ്യ ഇരയായിരുന്നു മുഹമ്മദ് അഖ്ലാക്ക്. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ അഖ്ലാക്ക് കൊല്ലപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഈ അന്വേഷണത്തിലാണ് വീട്ടില്‍ സൂക്ഷിച്ചത് പശു ഇറച്ചി അല്ലെന്നും ആക്രമണം ആസുത്രിതമായിരുന്നു എന്നും കണ്ടെത്തിയത്.
പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ അദ്ദേഹം നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. പ്രതികളെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള ബി.ജെ.പി നേതാക്കള്‍ പ്രതികളെ ന്യായികരിച്ചും സ്വീകരണം നല്‍കിയും പ്രോത്സാഹിപ്പിച്ചു.
മാലേഗാവ് സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് കണ്ടെത്തിയ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കാര്‍ക്കറെയും കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സൈനികനായ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും സന്യാസിനി പ്രഗ്യാ സിങ് താക്കൂറിനെയും വിലങ്ങണിയിച്ചതോടെ കര്‍ക്കറെയെ അവര്‍ ലക്ഷ്യമിട്ടു. 2008ലെ മുംബൈ ഭീകരാക്രമണ വേളയില്‍ ദൂരൂഹത ബാക്കിയാക്കി കര്‍ക്കറെ കൊല്ലപ്പെട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ഹര്‍കിഷന്‍ ലോയയുടെ മരണവും സംശയാസ്പദം.
2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പുരില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ ജഡ്ജി ലോയ ഹോട്ടലില്‍ മരിച്ചത്. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണ് മരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
2010 മുതലുള്ള എട്ടു വര്‍ഷം നടന്ന ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന് ഇന്ത്യ സ്പെന്റ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതാവട്ടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും. കല്‍ബുര്‍ഗി, പന്‍സാരെ ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവര്‍ക്കെതിരെ നിറയൊഴിച്ച് എഴുത്തുകാരെ നേരത്തെ ഇക്കൂട്ടര്‍ നിശബ്ദമാക്കിയിരുന്നു.