ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്‍.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍.
ആര്‍.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു വാക്ക് ഉരിയാടുന്നില്ല. രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ അവമതിച്ചും നശിപ്പിച്ചുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആര്‍.എസ്.എസിന്റെ ഈ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും മോചിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നിങ്ങള്‍ ബോധവാന്മാരാണോ എന്നെനിക്കറിയില്ല. ഓരോ മന്ത്രിയുടേയും ഓഫീസില്‍ ഓരോ ആര്‍.എസ്.എസുകാരന്‍ കുത്തിയിരിക്കുന്നുണ്ട്. അവരാണ് എന്തു ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളുടെയും തകര്‍ച്ചയാണ് ഇതിന്റെ പരിണിത ഫലം. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ഈ സംവിധാനത്തിലൂടെ തകര്‍ത്ത് തരിപ്പണമാക്കി.
നോട്ടു നിരോധനം നടപ്പാക്കരുതെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ ഉപദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധന തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോ കേന്ദ്രമന്ത്രിസഭക്കോ പോലും ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആരാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) അനാദരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ആളുകള്‍ ഉയര്‍ന്നു വന്നത്. അവിഹിതമായ മാര്‍ഗങ്ങളിലൂടെ അവര്‍ നേട്ടങ്ങളുണ്ടാക്കിയത്. പിയൂഷ് ഗോയലിന്റെ(കേന്ദ്ര റെയില്‍വേ മന്ത്രി) കാര്യവും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രമോട്ടറായ കമ്പനി 650 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു -രാഹുല്‍ പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും ചെറുകിട – ഇടത്തരം വ്യവസായ മേഖലകളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പരിശീലനം സിദ്ധിച്ച തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കും. ചൈന ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാണ്.
ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ 15 ബിസിനസ് ഭീമന്മാര്‍ക്ക് മാത്രമാണ് നിലവില്‍ ഇതിന്റെ നേട്ടം ലഭിച്ചു കൊണ്ടിരിക്കുന്നത്. അനില്‍ അംബാനിക്ക് 45,000 കോടി രൂപ വായ്പ നല്‍കുന്നു. റഫേല്‍ യുദ്ധ വിമാന കരാറില്‍ പങ്കാളിത്തം നല്‍കുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരായി മോദി സര്‍ക്കാര്‍ മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.