ആർഎസ്എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സർക്കാർ ജീവനക്കാർക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് വളരെ അപകടകരവും ലജ്ജാകരവുമാണെന്ന് മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ, എം. പി മാരായ ഡോ.എം. പി അബ്ദുസമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യൂട്ടീവിനെ ദുഷിപ്പിക്കുന്ന വിധത്തിൽ അല്ലെങ്കിൽ സർക്കാർ സംവിധാനത്തെ തങ്ങളുടെ പരിധിയിൽ നിർത്തുന്നതിന് വേണ്ടി നിരവധി ദ്രോഹനടപടികൾ ബിജെ പി സർക്കാർ എടുത്തതിന്റെ ഭാഗമായാണ് ഇപ്പോൾ ആർ എസ് എസിനു ഈ രംഗ പ്രവേശനത്തിന് അനുവാദം കൊടുത്തിട്ടുള്ളത്.
സർക്കാർ സ്ഥാപനങ്ങളിൽ മുഴുവനും ഇത്തരത്തിലുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചു തങ്ങളുടെ ഇഷ്ടതാല്പര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കത്തെ മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി. കാൻവർ യാത്ര സംബന്ധിച്ച് സുപ്രീം കോടതി വിധി വളരെ ശ്രദ്ധേയമാണ്, കണ്ണു തുറപ്പിക്കുന്നതാണ്. കോടതി പ്രത്യേകം പറഞ്ഞിട്ടുള്ളത് ഹോട്ടലുകളിൽ അവിടെ വിൽക്കപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ വില വിവര പട്ടിക പ്രസിദ്ധീകരിക്കുക എന്നല്ലാതെ സർക്കാർ നിർദ്ദേശിച്ചത് പോലെയുള്ള കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലെന്നാണ്. ഇത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
നാട്ടിൽ വർഗീയത വളർത്താൻ വേണ്ടി ഏതറ്റം വരെയും പോകാമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളുടെ നിഷേധാത്മക സമീപനത്തിനെതിരായി രാജ്യത്തിന്റെ മനസാക്ഷി തന്നെ ഉയർന്നുകഴിഞ്ഞ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരം സംഭവവികാസങ്ങൾ ഉണ്ടായിട്ടുള്ളത്. ഇനിയെങ്കിലും തിരിച്ചറിവുണ്ടായിട്ടില്ലെങ്കിൽ ഈ രാജ്യത്തെ ബിജെപി പരിപൂർണ്ണമായും നാശത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ഇല്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി