X

ആര്‍എസ്എസ് ബന്ധം; മുഖ്യമന്ത്രിയുടെ പ്രസംഗം ബൂമറാംങായി തിരിച്ചടിച്ചു; മൈതാന പ്രസംഗം നടത്തി രക്ഷനേടാന്‍ ശ്രമമെന്ന് സോഷ്യല്‍ മീഡിയ

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു വ്യക്തതയുമില്ലാത്ത പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എഡി.ജി.പി എന്തിനാണ് ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്നോ, പ്രതിപക്ഷം ചോദിച്ചത് പോലെ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ദൂതനാണോ അജിത്കുമാര്‍ എന്ന ചോദ്യത്തിനും ഉത്തരമില്ല.

പകരം മാധ്യമങ്ങളെ പഴി പറയുകയും, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഭംഗ്യന്തരേണ പറഞ്ഞുപോവുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഉയര്‍ന്ന പേരായിരുന്നു പി. പരമേശ്വരന്‍. 2013 ല്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു എന്നുള്ളതായിരുന്നു മുഖ്യമന്ത്രി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന മറുവാദം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. അതിന്റെ പിന്നിലെ സംഭവം ഇങ്ങനെയായിരുന്നു.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ എത്തിയത്. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്. 2013ലായിരുന്നു സംഭവം. തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫീസില്‍ മാര്‍ച്ച് 13നാണ് പരിപാടി സംഘടിപ്പിച്ചത്. പി.പരമേശ്വരനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ പുസ്തകത്തിന്റെ പ്രകാശനം വിവിധ ജില്ലകളിലായി നടത്തിയിരുന്നു. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. അതാണ് മുഖ്യമന്ത്രി ഇപ്പോള്‍ വലിയ വാര്‍ത്തയായി ഉയര്‍ത്തിക്കാട്ടുന്നത്.

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയോ, തൃശൂര്‍പൂരം കലത്തിയതിന് പിന്നില്‍ ആരെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മൈതാനപ്രസംഗം നടത്തി മുഖ്യമന്ത്രി രക്ഷപ്പെട്ടു എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.

webdesk13: