X

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടന; നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയെന്നും അവരെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് ലീഡര്‍ ജഗ്മീത് സിങ്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന. ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് ജഗ്മീത്. കൂടാതെ ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയുടെ സഖ്യകക്ഷികളായ യു.എസിനോടും യു.കെയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍.സി.എം.പിയുടെ അന്വേഷണപ്രകാരം ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമേറിയതാണ്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെതിരുമാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ നയതന്ത്രജ്ഞര്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയുണ്ടായി. അവര്‍ കനേഡിയന്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കനേഡിയന്‍ ബിസിനസുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കാനഡക്കാരെ കൊല്ലുകയും ചെയ്തു. അത് വളരെ ഗുരുതരമാണ്.

അതിനാല്‍ തന്നെ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍ ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു. അതിനാല്‍ത്തന്നെ ഇവിടുത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റംവരേയും ഞങ്ങള്‍ പോകും,’ ജഗ്മീത് പറയുന്നു.

എന്നാല്‍ നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്നെക്കുറിച്ചുള്ള മാത്രം ആശങ്കയല്ലെന്നും മറിച്ച് കാനഡക്കാരുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സിങ് പ്രതികരിക്കുകയുണ്ടായി. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

webdesk13: