ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) ബോര്‍ഡില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗുരുമൂര്‍ത്തിയെ താല്‍ക്കാലിക അനൌദ്യോഗിക ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് ആര്‍.എസ്.എസ് നോമിനികളെ മോദി സര്‍ക്കാര്‍ തിരുകി കയറ്റുന്നു എന്ന വിമര്‍ശനം രൂക്ഷമായിരിക്കെയാണ് പുതിയ നിയമനം.
സാമ്പത്തിക വിദഗ്ധര്‍, ഇതര മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉന്നതരായ വ്യവസായികള്‍ തുടങ്ങിയവരെയാണ് റിസര്‍വ്വ് ബാങ്ക് അനൗദ്യോഗിക ഡയറക്ടര്‍മാരുടെ പട്ടികയില്‍ പൊതുവെ ഉള്‍പ്പെടുത്തുക. ഈ രംഗത്തുള്ള അവരുടെ പ്രാഗത്ഭ്യം രാജ്യത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഒരു ചാര്‍ട്ടേഡ് അകൗണ്ടന്റ് എന്നതില്‍ കവിഞ്ഞൊരു സാമ്പത്തീക പരിജ്ഞാനവുമില്ലാത ഗുരുമൂര്‍ത്തിയെ നിയമിക്കുക വഴി സര്‍ക്കാര്‍ നിലപാട് കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ രാഷ്ട്രീയവത്കരിക്കുകയാണ് സര്‍ക്കാറെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ആര്‍.എസ്.എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കോ-കണ്‍വീനറാണ് ഗുരുമൂര്‍ത്തി. തമിഴ് മാഗസിനായ തുഗ്ലക്കിന്റെ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തെ അനുകൂലിച്ചും നരേന്ദ്ര മോദിയുടെ നയങ്ങളെ പിന്തുണച്ചും ഗുരുമൂര്‍ത്തി രംഗത്തെത്തിയിരുന്നു. പുതിയ പദവി ജനസേവനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സതീഷ് കാശിനാഥ് മറാത്തെയെയും ആര്‍.ബി.ഐ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ച മറാത്തെ യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു. സഹകാര്‍ ഭാരതി എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.