തിരുവനന്തപുരം: സംഘപരിവാറിന് ഇടം കൊടുക്കാത്ത കേരളത്തിലേക്ക് കേന്ദ്ര ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസ് ആചാര്യനെ ഒളിച്ചുകടത്താനുള്ള സംഘപരിവാര്‍ ശ്രമം അവര്‍ക്ക് തന്നെ വിനയായി. രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയും വംശീയവാദിയുമായി ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥ മുഖം കേരളം തുറന്നു കാട്ടിയതോടെ സംഘപരിവാര്‍ നേതാക്കള്‍ ശരിക്കും വെട്ടിലായി. ഭരണപ്രതിപക്ഷ ഭേദമന്യെ കേരളം ഒറ്റക്കെട്ടായി ഗോള്‍വാള്‍ക്കെതിരെ രംഗത്ത് വന്നതോടെ ന്യായീകരിക്കാനാവാതെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കുഴങ്ങി.
ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലകായ ഗോള്‍വാള്‍ക്കറാണ് ആര്‍എസ്എസ് പിന്തുടരുന്ന വര്‍ഗീയവും വംശീയവുമായ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. അദ്ദേഹം രചിച്ച വിചാരധാര, നാം നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു എന്നീ പുസ്തകങ്ങളാണ് ആര്‍എസ്എസ് പിന്തുടരുന്ന വര്‍ഗീയ നിലപാടുകളുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങളും കടുത്ത വര്‍ഗീയ നിലപാടുകള്‍ ഉള്ളതാണ്.
ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അദ്ദേഹത്തിന്റെ അടിത്തറ മാന്തി പുറത്തിട്ടു. കടുത്ത വംശീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടതോടെ ബിജെപി നേതാക്കള്‍ ശരിക്കും പ്രതിരോധത്തിലായി. ഗോള്‍വാള്‍ക്കര്‍ക്കെതിരെ ഉയര്‍ന്ന ഒരു ആരോപണത്തിനും കൃത്യമായി മറുപടി പറയാന്‍ ബിജെപി നേതാക്കള്‍ക്കായില്ല. പകരം നെഹ്‌റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്‌റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടത് എന്നത് പോലുള്ള മുടന്തന്‍ ന്യായങ്ങളാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും ഉന്നയിച്ചത്. ട്രോളന്‍മാര്‍ക്ക് മറുപടി പറയാവുന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് ഈ വിഷയത്തില്‍ ബിജെപി നേതാക്കളില്‍ നിന്നുണ്ടായത്.
ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടപ്പെട്ടതോടെ ബിജെപി നേതാക്കള്‍ അടവുമാറ്റി. പേരിട്ടില്ലെങ്കില്‍ വേണ്ട ഞങ്ങളുടെ ആരാധ്യനായ ജിയെ അപമാനിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ പറഞ്ഞത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.