കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.
അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.
അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.