മംഗളൂരു: രാജ്യത്ത് വര്‍ഗീയ വിദ്വേഷണം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസിന്റെ നീക്കത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരക്കാലത്ത് സ്ഥാപിച്ചതാണെങ്കിലും സ്വാതന്ത്ര്യ സമരത്തിനുവേണ്ടി യാതൊരുവിധ സംഭാവനകളും ചെയ്യാത്ത സംഘടനയാണ് ആര്‍എസ്എസ്. സുപ്രധാനമായ സമരത്തെ വഞ്ചിച്ച ചരിത്രമാണ് ആര്‍എസ്എസിനുള്ളതെന്നും പിണറായി കുറ്റപ്പെടുത്തി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഗാന്ധിജിയെ വധിച്ച ഗോഡ്‌സേ ആര്‍എസ്എസിന്റെ കൈയിലെ ആയുധമായിരുന്നു. ഏതെങ്കിലും ആര്‍എസ്എസുകാരെ ഗാന്ധിജി ഉപദ്രവിച്ചിട്ടില്ല. ഗാന്ധിജി കൊലചെയ്യപ്പെട്ടപ്പോള്‍ അന്ന് ആര്‍എസ്എസ് മധുരം വിതരണം ചെയ്തുവെന്നത് ഓര്‍ക്കേണ്ടതാണ്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ രൂപമാണ് ആര്‍എസ്എസ്. ഇവരുടെ പ്രത്യയശാസ്ത്രം നാസിസമാണെന്നും പിണറായി ആരോപിച്ചു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കു നടുവിലാണ് പിണറായി വിജയന്‍ മംഗളൂരുവിലെത്തിയത്.
വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പിണറായി
Tags: pinarayi vijayan