X

കോടിയേരിക്ക് മറുപടിയുമായി ആര്‍.എസ്.എസ് ; എ.കെ.ജി സെന്ററില്‍ കേറി യാചിക്കാന്‍ ഞങ്ങളില്ല: എം.ടി രമേശ്

കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയെ അങ്ങോട്ടുപോയി സമീപിക്കണമെന്ന കോടിയേരിയുടെ പരാമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്.

സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ കാല് പിടിക്കട്ടെയെന്ന നിലപാട് പഴയ മാടമ്പിത്ത ഭാഷയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തുറന്നടിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജി സെന്ററില്‍ കേറി യാചിക്കേണ്ട ആവശ്യം ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഇല്ലെന്നും രമേശ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ ആര്‍എസ്എസ്, മുഖ്യമന്ത്രി പിണറായി വിജയനെ അങ്ങോട്ടു സമീപിക്കണമെന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും സമാധാന ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നത് രമേശ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട രമിത്തിന്റെ വീടിന് മുന്നിലൂടെ യാത്ര ചെയ്തിട്ടും ആ വീട്ടില്‍ കയറാന്‍ മുഖ്യമന്ത്രി തയാറായില്ല. ഒട്ടേറെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ തകര്‍ത്തിട്ടുണ്ട്. ഈ വീടുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് പരാജയമാണെന്ന് സമ്മതിച്ചാല്‍ തങ്ങള്‍ കേന്ദ്രത്തെ സമീപിക്കാമെന്നും രമേശ് വ്യക്തമാക്കി. കേന്ദ്ര ഇടപെടലിനെ സി.പി.എം അംഗീകിരക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും എം.ടി രമേശ് ചോദിച്ചു.

സമാധാനത്തിന് ചര്‍ച്ചയാകാമെന്ന നിലപാടില്‍ നിന്ന് ആര്‍എസ്എസ് പുറകോട്ട് പോയിട്ടില്ല. സിപിഎം ആണ് പുറകോട്ട് പോയത്. അവര്‍ അക്രമം നടത്തിയവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കണ്ണൂരില്‍ സമാധാനം ഉണ്ടാകാന്‍ പാടില്ലെന്നാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ പരാമര്‍ശത്തോട് എല്‍ഡിഎഫിലെ മറ്റുകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

Web Desk: