ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍. അംബേദ്ക്കര്‍ 1940ല്‍ ആര്‍.എസ്.എസിന്റെ ശാഖ സന്ദര്‍ശിച്ചിരുന്നതായി അവകാശപ്പെട്ട് സംഘപരിവാര്‍. 85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.
ശാഖ സന്ദര്‍ശിച്ച അംബേദ്ക്കര്‍ അവിടുത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അതിനിടയിലാണ് തനിക്ക് ആര്‍.എസ്.എസുമായി ആത്മബന്ധമുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടതായി പറഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഡോ. അംബേദ്കര്‍ 1940 ജനുവരി രണ്ടിന് സത്താറ ജില്ലയിലെ കരാഡിലെ ഒരു ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം സ്വയംസംഘ സേവകരെ അഭിസംബോധന ചെയ്യുകയും ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.
ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആര്‍.എസ്.എസിനെക്കുറിച്ച് സ്വന്തം എന്ന തോന്നാലാണുണ്ടാവുന്നതെന്ന് സന്ദര്‍ശന വേളയില്‍ അംബേദ്കര്‍ പറഞ്ഞതായാണ് പ്രസ്താവനയില്‍ പറയുന്നത്. ‘ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഞാന്‍ സംഘത്തെ കാണുന്നത് സ്വന്തം എന്ന ബോധത്തോടെയാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.
1940 ജനുവരി ഒമ്പതിന് പൂനെയിലെ മറാത്തി ദിനപത്രമായ കേസരിയില്‍ ഡോ. അംബേദ്കറുടെ ആര്‍.എസ്.എസ് ശാഖാ സന്ദര്‍ശനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് വി.എസ്.കെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.