X

ചട്ടംലംഘിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം; കര്‍ശന നടപടിക്ക് കലക്ടറുടെ ശുപാര്‍ശ

പാലക്കാട്: പാലക്കാട് ജില്ലയിലെ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. കലക്ടര്‍ മറികടന്ന ചട്ടലംഘനത്തിന് പുറമെ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേസമയം പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.

നിലവിലെ ചട്ടം ലംഘിച്ച്കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് നിരോധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഇന്റലിജന്‍സ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എ.ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി നിരോധിച്ച് സ്‌കൂളിന് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
എയിഡഡ് സ്‌കൂളില്‍ സ്‌കൂള്‍ അധികൃതരോ, ജനപ്രതിനിധികളോ അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി മറ്റു സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുതെന്നാണ് ചട്ടം. ഇതു വ്യക്തമാക്കിയിരുന്നു സ്‌കൂളിന് സര്‍ക്കുലര്‍ നല്‍കിയത്. എന്നാല്‍ സര്‍ക്കുലര്‍ മറികടന്ന് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ ചടങ്ങില്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിച്ചതും ഇപ്പോള്‍ വിവാദമായിരുക്കുകയാണ്. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയഗാനം ആലപിക്കണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ ആര്‍.എസ്.എസ്് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ വന്ദേമാതരമാണ് ആലപിച്ചത്. അതേസമയം ദേശീയഗാനം ആലപിക്കാതെ പതാക ഉയര്‍ത്തിയ ചടങ്ങ് അവസാനിച്ച ശേഷം, വേദിവിട്ടവരെ തിരികെ എത്തിച്ച് ദേശീയഗാനം ആലപിച്ചതും വിവാദമായി.

എന്നാല്‍ സ്‌കൂളില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു. വൈകി കിട്ടിയ സര്‍ക്കുലര്‍ അനുസരിച്ച് പരിപാടി മാറ്റുക അസാധ്യമായണെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ നടപടിയുണ്ടായാല്‍ നേരിടുമെന്നും ആര്‍എസ്എസും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി. അതേസമയം വിലക്കിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍.എസ്.എസ്് മേധാവി മോഹന്‍ ഭാഗവത് തയ്യാറായില്ല.

chandrika: