കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍ അക്രമം. കല്ലേറില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നൂറോളം പേരടങ്ങിയ സംഘമാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. ശബരിമല കര്‍മ്മസമിതിയെന്ന പേരിലാണ് പ്രകടനം നടത്തിയതെങ്കിലും ബി.ജെ.പി അനുകൂല മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മൊഫ്യൂസല്‍ബസ്റ്റാന്റിലെ ട്രാഫിക് ബോര്‍ഡുകളും വനിതാമതിലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡുകളുമെല്ലാം പ്രതിഷേധക്കാര്‍ തകര്‍ത്തു. സമീപത്തെ കടകളില്‍ കയറി ഭീഷണിമുഴക്കുകയും ചെയ്തു. പ്രതിഷേധം ഭയന്ന് പലരും ഷട്ടറിട്ടു.
സ്വകാര്യബസുകളടക്കം പലയിടത്തും ബസ് സര്‍വ്വീസ് നിര്‍ത്തിയത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് നേരെയും കല്ലേറുണ്ടായി. സമരം സമാപനസ്ഥലമായ കിഡ്‌സണ്‍ കോര്‍ണറിലേക്ക് എത്തുന്നതുവരെയുള്ള വഴിയിലുള്ള ബോര്‍ഡുകളും ബാനറുകളും ഡിവൈഡറുകളുമെല്ലാം മറിച്ചിട്ടു. പ്രകടനം മിഠായിതെരുവ് കിഡ്‌സണ്‍ കോര്‍ണറിലെത്തിയതോടെ ഇതുവഴിയുള്ള ഗതാഗത പൂര്‍ണമായി സ്തംഭിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ ഏറെനേരം പ്രകോപനം സൃഷ്ടിച്ചു.
ഇതിനിടെ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ക്ക് അഭിവാദ്യം അറിയിക്കാന്‍ കോഴിക്കോട് മിഠായി തെരുവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന കൂട്ടായ്മയ്ക്ക് നേരെ ആര്‍എസ്എസ് ആക്രമം ഉണ്ടായി. കൂട്ടായ്മയ്ക്ക് നേരെ നേരെഓടിയടുത്ത സംഘ്പരിവാര്‍ അക്രമികള്‍ സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസുകാര്‍ ഇവരെ പിന്തിരിപ്പിക്കാനെത്തിയെങ്കിലും ആര്‍ട്ട് ഗാലറിക്ക് സമീപത്തുവെച്ച് ഇവര്‍ ഏറ്റുമുട്ടി. ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആര്‍എസ്എസുകാര്‍ അതിക്രൂരമായി കയ്യേറ്റം ചെയ്തു. ഷാഹിദ ഷാ, ശ്രീജിത്, ബിഎസ് ബാബുരാജ്, യമുന ചുങ്കപ്പള്ളി, റെനോയര്‍, അംബിക, വിപി സുഹ്‌റ, ഒപി രവീന്ദ്രന്‍, അമൃത, ആദിത്യന്‍, സിപി ജിഷാദ്, സനീഷ്, അഖില്‍, ശ്രീകാന്ത്, റഹ്മ തുടങ്ങിയവരാണ് ആക്രമിക്കപ്പെട്ടത്.
നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും മര്‍ദ്ദനമേറ്റു. ക്യാമറ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും, മൊബൈല്‍ഫോണില്‍ വീഡിയോെടുക്കുന്നവരുടെ ഫോണ്‍ വാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടിയത്. പിന്നീട് 20ഓളം പേരടങ്ങുന്ന സംഘം മിഠായിതെരുവിലേക്ക് എത്തി വ്യാപാരികളെ ഭീഷണിപ്പെടുത്തി. ഹര്‍ത്താല്‍ദിനമായ ഇന്ന് കടതുറന്നാല്‍ കത്തിക്കുമെന്ന തരത്തില്‍ ഭീഷണിമുഴക്കി. കൈരളി തിയേറ്ററിലേക്ക് നടത്തിയ കല്ലേറില്‍ സിനിമക്ക് രണ്ട് കുട്ടികളുമായെത്തിയ യുവതിക്ക് പരിക്കേറ്റു. കൃഷിവകുപ്പ് അസി. ഉദ്യോഗസ്ഥ വിന്‍സിക്കും പരിക്കുണ്ട്.