X

കേരളത്തിലുടനീളം അക്രമമുണ്ടാക്കാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമം: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തു മുഴുവന്‍ അക്രമമുണ്ടാക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഡിക്കല്‍ കോളേജ് കോഴയില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാന്‍ സി.പി.എം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുകയാണെന്നും തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുള്ള പാര്‍ട്ടി അംഗങ്ങളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പലയിടത്തും പ്രകോപനമില്ലാതെയാണ് ആര്‍.എസ്.എസ്സുകാര്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. വീട്ടില്‍ കയറി സ്ത്രീകളെ പോലും ആക്രമിക്കുകയാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ പോലും ആക്രമിക്കാന്‍ മടിക്കുന്നില്ല- കോടിയേരി പറഞ്ഞു. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ പേരുകള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ എണ്ണിപ്പറഞ്ഞു.

ആരെയും ആക്രമിക്കും, എന്തും ചെയ്യും എന്ന നിലപാടാണ് ബി.ജെ.പിയുടേത്. ഇതിനായി ഒരു സംഘം ആര്‍.എസ്.എസുകാരെ ഇറക്കി വിട്ടിരിക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നെത്തിയ ആര്‍.എസ്.എസുകാരും ഇതിനായി ക്യാമ്പ് ചെയ്യുകയാണ്. അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എല്ലാവര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണമെന്നും കോടിയേരി പറഞ്ഞു.

അക്രമത്തിന് ബി.ജെ.പി തെരഞ്ഞെടുത്ത സമയം, അവരുടെ ആസൂത്രണത്തിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. നിലവില്‍ ബി.ജെ.പിയുടെ കേരളത്തിലെ മുഖം വികൃതമായിരിക്കുയാണ്. മെഡിക്കല്‍ കോളേജ് കുംഭകോണത്തിനു ശേഷം ബി.ജെ.പി നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ വ്യാപകമായ അഴിമതിയിലാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം മുഴുകിയിരിക്കുന്നത്. വ്യാജ റസീറ്റ് ഉപയോഗിച്ചാണ് ആര്‍.എസ്.എസ് ഫണ്ട് പിരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് രൂപ സ്വന്തം പോക്കറ്റിലേക്ക് പോകുന്നു. കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച മോദിയുടെ ഭരണത്തിനു കീഴിലാണ് സ്വന്തം പാര്‍ട്ടി തന്നെ ഹവാല ഇടപാടുകളില്‍ ഏര്‍പ്പെടുന്നത്. മോദിയുടെ ഫോട്ടോ വെച്ചാണ് കള്ളനോട്ടടിക്കുന്നത്.

നാട്ടിലെ ചര്‍ച്ച മുഴുവന്‍ ബി.ജെ.പിയുടെ അഴിമതിയെ കുറിച്ചായി. പൊതുജനങ്ങളും മാധ്യമങ്ങളുമെല്ലാം ഇപ്പോള്‍ ബി.ജെ.പിയുടെ അഴിമതിയെക്കുറിച്ചാണ് ചര്‍ച്ച നടത്തുന്നത്. മാധ്യമങ്ങളിലെ ചര്‍ച്ചയുടെ ഗതി മാറ്റുകയാണ് അക്രമങ്ങളുടെ ലക്ഷ്യം.

തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനം ആക്രമിച്ച സംഭവത്തില്‍ സി.സി.ടി.വിയില്‍ ചിലരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിലുള്‍പ്പെട്ട പാര്‍ട്ടി മെമ്പര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യും. ഇക്കാര്യം ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് തിരുത്തും. കോടിയേരി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

chandrika: