X

ആര്‍.എസ്.എസും മുസ്‌ലിം സംഘടനകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

1978 ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ മുസ്‌ലിംലീഗ് യംഗ് സ്പീക്കേഴ്‌സ് ഫോറത്തിന്റെ പഠനക്യാമ്പിനെ അഭിസംബോധന ചെയ്തു സി.എച്ച് മുഹമ്മദ്‌കോയ പറഞ്ഞു: ‘ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ഞാന്‍ ആര്‍. എസ്.എസിനെ വിശ്വസിക്കുകയില്ല’. സി.എച്ചിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള ഈ പ്രസ്താവന ആര്‍.എസ്.എസിനോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമീപനമാണ് വ്യക്തമാക്കുന്നത്. മുപ്പത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് പരാജയപ്പെടുകയും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാസഖ്യം ഭരണത്തിലേറുകയും ചെയ്ത 1977 ലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സി.എച്ചിന്റെ പ്രസിദ്ധമായ പ്രസ്താവന.

1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ നീണ്ട അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ നിരോധിക്കപ്പെട്ടിരുന്നു. നിരോധിത സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ജയിലിലടക്കപ്പെടുകയുണ്ടായി. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലും ഊഷ്മളമായ സ്‌നേഹബന്ധം വളര്‍ന്നു. ആര്‍.എസ്.എസ് പത്രങ്ങള്‍ ജമാഅത്തിനെ പുകഴ്ത്തി ലേഖനങ്ങളെഴുതി. അവര്‍ പരസ്പരം അടുക്കുകയും ശത്രുതയുടെ അന്തരീക്ഷം മാറ്റിയെടുക്കുകയും ചെയ്തു. ഈ സ്‌നേഹബന്ധത്തെ ജമാഅത്ത് നേതാക്കള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു ലേഖനങ്ങള്‍ എഴുതുകയും ചെയ്തു.

അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രൂപപ്പെട്ട ജനതാസഖ്യത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്ന ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1969 ല്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് രൂപംകൊണ്ട ‘മഹാസഖ്യ’ത്തിലൂടെയാണ് മഹാത്മജിയെ വധിച്ചുവെന്ന മഹാപാതകത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരുന്ന ആര്‍.എസ്.എസിന് രാജ്യത്ത് രാഷ്ട്രീയ അംഗീകാരം ലഭിച്ചുതുടങ്ങിയത്. കോണ്‍ഗ്രസ് വിരോധവും ആര്‍.എസ്.എസ് സ്‌നേഹവും സ്വാഭാവികമായും 1977 ലെ തിരഞ്ഞെടുപ്പില്‍ ജനസംഘമടങ്ങുന്ന ജനതാസഖ്യത്തിന് പിന്തുണ നല്‍കാന്‍ ജമാഅത്തിന് പ്രേരണയായി.

1977 ലെ തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ജമാഅത്ത് നേതാക്കള്‍ ആര്‍.എസ്. എസുമായുള്ള ബന്ധത്തിലെ ഊഷ്മളതയെ കുറിച്ചും ജയിലില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ അവര്‍ക്ക് വുളു ചെയ്യാന്‍ വെള്ളം നല്‍കിയതിനെ കുറിച്ചുമെല്ലാം പറഞ്ഞപ്പോഴായിരുന്നു ‘വുളു ചെയ്യാനുള്ള വെള്ളം തരികയല്ല, ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്‍ പോലും ആര്‍.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്‍ മുഴങ്ങിയത്.

ആര്‍.എസ്.എസിനെയും അവര്‍ പിന്തുണക്കുന്ന സര്‍ക്കാറിനെയും സി.എച്ച് അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാരണം ജനതാ ഭരണത്തിന്റെ മറവില്‍ ആര്‍.എസ്.എസ് തഴച്ചുവളരുകയും മുസ്‌ലിം വിരുദ്ധ ലഹളകള്‍ വര്‍ധിക്കുകയും ചെയ്ത കാലമായിരുന്നു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തില്‍ വന്ന ജനതാസഖ്യത്തെ പിന്നില്‍ നിന്ന് നയിച്ചത് ആര്‍.എസ്.എസ് ആയിരുന്നതിനാല്‍ സി.എച്ചിന്റെ ശരങ്ങള്‍ക്ക് മൂര്‍ച്ചയേറി. സി.എച്ച്. പറഞ്ഞു: ‘രാമന്‍ ഭരിച്ചാലും രാവണന്‍ ഭരിച്ചാലും മുസ്‌ലിംകള്‍ക്ക് ഒരേ അനുഭവമാണ്. ജനത വന്നതുകൊണ്ടോ കോണ്‍ഗ്രസ് പോയതുകൊണ്ടോ കാര്യമില്ല. മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയ ശക്തി ഒന്നുകൊണ്ട് മാത്രമേ ഈ ശാപത്തിന് വിരാമമിടാന്‍ കഴിയൂ’.

ആര്‍.എസ്.എസിനെ കരുതിയിരിക്കണമെന്നും അവരേത് വേഷത്തില്‍ വന്നാലും അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തിയ നേതാവാണ് സി.എച്ച്. ഇന്ത്യയോടുള്ള ആര്‍.എസ്.എസിന്റെ നിലപാടാണ് ഒന്നാമത്തെ പ്രശ്‌നം. ഇന്ത്യയെ അടിസ്ഥാനപരമായി ആര്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ പതാകയോട് പുറംതിരിഞ്ഞുനിന്ന അവര്‍ ഭരണഘടനയോട് കൂറ്പുലര്‍ത്തുന്നില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ നിരോധിക്കപ്പെടുകയുണ്ടായി. രാഷ്ട്രത്തോട് സത്യസന്ധതയില്ലാത്ത കക്ഷിയെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? ആര്‍. എസ്.എസ് മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത ഒരു കക്ഷിയെയും ഇന്ത്യയോട് കൂറുള്ള കക്ഷിയായി അംഗീകരിക്കാന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരന് സാധിക്കില്ല.

മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ പൊതുവായും ഉന്മൂലനം ചെയ്യുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് അവര്‍ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. 1977 ല്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുകയും പരസ്പരം സ്‌നേഹം പങ്കിടുകയും ചെയ്തിട്ട് ആര്‍.എസ്.എസിന്റെ മുസ്‌ലിംകളോടുള്ള രൗദ്രഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. ബാബരിക്ക്‌ശേഷം ഇനിയൊന്നും ഞങ്ങള്‍ ചോദിക്കില്ലെന്ന് കോടതി മുഖാന്തരം മുസ്‌ലിംകള്‍ക്ക് വാക്ക് നല്‍കിയവര്‍ ഇപ്പോള്‍ മഥുര, കാശി, വാരാണസി പള്ളികള്‍ക്ക്‌മേല്‍ അവകാശം ഉന്നയിച്ചിരിക്കുന്നു.

ഗുജറാത്ത് അടക്കമുള്ള എത്ര സ്ഥലങ്ങളില്‍ വീണ്ടും അവര്‍ മുസ്‌ലിംകളെ കശാപ്പ് ചെയ്തു. അധികാരം ലഭിച്ചപ്പോള്‍ അത് കൂടുതല്‍ വര്‍ധിച്ചു. ആര്‍.എസ്.എസിനെ ബോധ്യപ്പെടുത്തിയോ ബോധം കെടുത്തിയോ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കാരണം അവര്‍ക്ക് മുസ്‌ലിംകളോടുള്ള ശത്രുത അറിവില്ലായ്മയില്‍ നിന്നോ തെറ്റിധാരണകളില്‍ നിന്നോ ഉണ്ടായതല്ല. ബോധപൂര്‍വമായ സുചിന്തിതമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണത്. മുസ്‌ലിം സമുദായത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ആര്‍. എസ്.എസിന്റെ ബോധപൂര്‍വമായ ശ്രമമായിട്ട് മാത്രമേ അടുത്തകാലങ്ങളിലായി അവര്‍ ചില മുസ്‌ലിം വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചകളെ കാണാന്‍ സാധിക്കൂ.

ആര്‍.എസ്.എസിന് മുസ്‌ലിം സമുദായത്തോടുള്ള നിലപാടില്‍ മാറ്റം വരണമെങ്കില്‍ മുസ്‌ലിംകള്‍ സംഘടിതമായ രാഷ്ട്രീയ കക്ഷിയായി സ്ഥിതി ചെയ്യണമെന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്. (സീതിസാഹിബ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് 07/01/1951). അതിന് പകരം ആര്‍.എസ്.എസിന് വിധേയമാവുകയോ അവരോട് കായികമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ പൂര്‍ണമായി അംഗീകരിക്കുകയും മുസ്‌ലിം സമുദായത്തോട് ഏറെ അടുപ്പം കാണിക്കുകയും ചെയ്യുന്ന കക്ഷികളുമായി മുസ്‌ലിംലീഗ് ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ അവര്‍ക്കനുകൂലമായി ശബ്ദിക്കുന്ന മതേതരകക്ഷികളില്‍ മുസ്‌ലിംകളെ കുറിച്ച് സംശയം ജനിപ്പിക്കാനും മതേതരകക്ഷികള്‍ മുസ്‌ലിംകളില്‍നിന്ന് അകന്നുപോകാനും മാത്രമേ ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ.

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് അഞ്ച് മുസ്‌ലിം ബുദ്ധിജീവികള്‍ മോഹന്‍ ഭാഗവതിനോട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആര്‍.എസ്.എസ് ചീഫ് മുന്നോട്ട്‌വെച്ച ഉപാധികള്‍ മുസ്‌ലിം സമുദായത്തെ അപഹസിക്കാനും അവരെ പ്രകോപിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ‘ഹിന്ദു മുസല്‍മാന്‍’ എന്ന പേരില്‍ അറിയപ്പെടണമെന്നും അവര്‍ ജനസംഖ്യ നിയന്ത്രിക്കണമെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ട്‌വെച്ചിരുന്നത്. ഹൈന്ദവതയുടെ ഭാഗം മാത്രമായിരിക്കണം മുസ്‌ലിംകള്‍ എന്നര്‍ത്ഥം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി മറ്റു മതവിഭാഗങ്ങള്‍ക്ക് അവരുടെ മതത്തിന്റെ പേരില്‍ അറിയപ്പെടാനും മതം പ്രയോഗവത്കരിക്കാനും പ്രബോധനം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. പിന്നെയെന്തിന് ആര്‍.എസ്.എസിന്റെ തിട്ടൂരത്തിനായി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാത്തിരിക്കണം.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്ന സി.പി.എം, നിര്‍ണായക ഘട്ടത്തില്‍ സംഘ്പരിവാറിനെ അധികാരത്തിലേറാന്‍ സഹായിച്ചവരാണെന്ന കാര്യം വിസ്മരിക്കരുത്. ജ്യോതിബസുവും ഇ.എം.എസും എല്‍.കെ അദ്വാനി, എ.ബി വാജ്‌പേയ് എന്നിവരുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു 1989 ലെ വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയുടെ ആവിര്‍ഭാവം.

ആര്‍.എസ്.എസിന് രാഷ്ട്രീയ ബലം ലഭിച്ച് അവര്‍ അധികാരത്തിന്റെ സോപാനത്തിലേക്ക് ഉയര്‍ന്നുവന്നത് വി. പി സിംഗും ഇ.എം.എസും ജ്യോതിബസുവും നല്‍കിയ പിന്തുണയുടെ ബലത്തിലായിരുന്നു. അതാണ് പിന്നീട് രഥയാത്ര, കര്‍സേവ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവക്കെല്ലാം സംഘ്പരിവാറിന് ഊര്‍ജ്ജം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസിനും ബി.ജെ. പിക്കുമെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ കൂടെ നില്‍ക്കുന്നതിന്പകരം സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം കൈകോര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

‘തകരുന്ന കമ്യൂണിസമല്ല, വളരുന്ന ഫാസിസമാണ് പ്രശ്‌നം’ എന്നായിരുന്നു അതിനവര്‍ പറഞ്ഞിരുന്ന ന്യായം. 2016 ല്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി സി.പി. എം നടത്തിയ രഹസ്യ ചര്‍ച്ച മാലോകര്‍ അറിയുന്നത് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത്തരം ചര്‍ച്ചകള്‍ ഇതിനു മുമ്പും സി.പി.എം എത്രയോ നടത്തിയിട്ടുണ്ട്. 1980 ല്‍ ഇ.കെ നായനാരും പി. പരമേശ്വരനും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച ഇതില്‍ പ്രസിദ്ധമാണ്. അന്നും ഇന്നും വളരുന്ന ഫാസിസത്തിന് കൈത്താങ്ങുകള്‍ നല്‍കുക എന്നതാണ് തളരുന്ന കമ്യൂണിസം നിര്‍വഹിക്കുന്ന പ്രധാന ദൗത്യം.

മതനിരപേക്ഷ കക്ഷികള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും ആര്‍.എസ്.എസിനെ അഭിമുഖീകരിക്കുന്നതില്‍ സുതാര്യമല്ലാത്ത നിലപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. പരസ്പരം അറിയാതെ ഓരോ കക്ഷിയുമായും ആര്‍.എസ്.എസ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ പിന്നില്‍ മുസ്‌ലിം സമുദായത്തില്‍ ഭിന്നതകള്‍ വര്‍ധിപ്പിക്കുകയും മതനിരപേക്ഷ കക്ഷികളെ മുസ്‌ലിം സമുദായത്തില്‍നിന്നും അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. ‘അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അവര്‍ ചര്‍ച്ച ചെയ്യണം’ എന്ന ഖുര്‍ആനിക വചനം ഏറെ വെളിച്ചം നല്‍കുന്നതാണ്. ആര്‍.എസ്.എസ്. ബഹറില്‍ മുസല്ല വിരിച്ചാല്‍ അവിടെയും വിരിയുന്നത് താമരകള്‍ മാത്രമായിരിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം മതനിരപേക്ഷ സമൂഹങ്ങള്‍ക്കും മുസ്‌ലിം ബുദ്ധിജീവികള്‍ക്കും സംഘടനകള്‍ക്കും ഉണ്ടാവുക അനിവാര്യമാണ്.

webdesk13: