തൃശൂര്‍: റെയില്‍വേയുടെ പേരില്‍ പ്രചരിപ്പിച്ച വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന കത്തിന് പിന്നില്‍ സംഘപരിവാറെന്ന് സൂചന. ഞായറാഴ്ച രാത്രിയോടെയാണ് കത്ത് പല വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചത്. ഐഎസ് വെള്ളത്തില്‍ വിഷം കലക്കാന്‍ സാധ്യതയുണ്ടെന്ന നിലയില്‍ ആര്‍പിഎഫ് എസ്‌ഐ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നുവെന്ന പേരിലാണ് കത്തുള്ളത്.
റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും കൂട്ടമായെത്തുന്ന മുസ്‌ലിം മതവിഭാഗത്തില്‍പ്പെടാത്ത യാത്രക്കാര്‍ക്ക് കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഐഎസ് പദ്ധതിയിട്ടിട്ടുണ്ടെന്നും രഹസ്യന്വേഷണ വിഭാഗത്തില്‍ നിന്നും ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന കുടിവെളളവും ‘ഭക്ഷണവും സുരക്ഷ ഉറപ്പാക്കി മാത്രമേ നല്‍കാവൂവെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 27-11-17 എന്ന തീയതിയെഴുതിയ കത്ത് പക്ഷെ പ്രചരിച്ചത് 26 ന് രാത്രിയിലായിരുന്നുവെന്നതാണ് വൈചിത്ര്യം.
അതേസമയം കത്തിന്റെ ആധികാരികത ഇതുവരേയും തൃശൂര്‍ റെയില്‍വേയോ പോലിസോ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനേയൊരു കത്ത് ലഭിച്ചിട്ടില്ലെന്നും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതായി മാത്രമേ അറിവുള്ളൂവെന്നുമാണ് റെയില്‍വേ പൊലിസിന്റെ നിലപാട്. ഐഎസിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഓരോ സന്ദേശവും പരിശോധിക്കുന്നതിനൊപ്പം മുന്‍കരുതലെന്ന നിലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കുന്നതു പതിവാണെന്നുമാണ് റെയില്‍വേ പൊലിസിന്റെ വിശദീകരണം.