കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രനെ നിയമിക്കുന്നതിനെതിരെ എതിര്‍പ്പുമായി ആര്‍.എസ്.എസ് രംഗത്ത്. സുരേന്ദ്രനെ അധ്യക്ഷനാക്കിയാല്‍ അംഗികരിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘടകം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് ബിജെപി കേന്ദ്രസംഘം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ, നളിനികുമാര്‍ കട്ടീല്‍ എം.പി എന്നിവരാണ് കൊച്ചിയില്‍ സംസ്ഥാന നേതാക്കളെ കണ്ട് അഭിപ്രായം ആരാഞ്ഞത്.
എന്നാല്‍ സുരേന്ദ്രനെ പ്രസിഡന്റാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞു. എളമക്കരയില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ നളിന്‍കുമാര്‍ കട്ടീല്‍ എം.പിയോടാണ് ആര്‍.എസ്.എസ് നേതാക്കള്‍ ഇക്കാര്യം പങ്കുവെച്ചത്. എന്നാല്‍ സുരേന്ദ്രനു പകരം മറ്റു പേരുകളൊന്നും ആര്‍.എസ്.എസ് ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല.
സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്‍ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാവും.
സുരേന്ദ്രനു പുറമെ വി.മുരളീധരന്റെയും എം.ടി രമേശിന്റെയും പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രമേശിനെതിരെ മുരളീധരന്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്.