X

മുഖ്യമന്ത്രിയെ തടയുന്നതില്‍ ആര്‍.എസ്.എസില്‍ ഭിന്നത

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസില്‍ ഭിന്നത. കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊലപ്പെടുത്തുകയാണെന്ന് കാണിച്ചാണ് മുഖ്യമന്ത്രിയെ കേരളത്തിന് പുറത്തുള്ള പരിപാടികളില്‍ ആര്‍.എസ്.എസ് തടഞ്ഞിരുന്ന്. എന്നാല്‍ ഇത് സി.പി.എമ്മിന് ശക്തിയില്ലാത്ത പ്രദേശത്തും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയാണ് പ്രതിഷേധങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് പിന്‍മാറാന്‍ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറുന്നതില്‍ ആര്‍.എസ്.എസില്‍ ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുമുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിന് പുറത്ത് നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ആര്‍.എസ്.എസ് ദേശീയ ജോയന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. മുഖ്യമന്ത്രിയെ പുറത്ത് ഇനി മുതല്‍ തടയില്ല. തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നതില്‍ എത്രമാത്രം രോഷാകുലരാണെന്ന് മനസ്സിലാക്കിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ തലക്ക് ഒരു കോടി രൂപ വിലയിട്ട സംഭവം തീര്‍ത്തും വൈകാരിക പ്രകടനമാണെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. രാജ്യത്ത് 600 സ്ഥലങ്ങളില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യോഗങ്ങള്‍ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പിണറായിയെ കേരളത്തിന് പുറത്തുള്ള പരിപാടികളില്‍ ആര്‍.എസ്.എസ് പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ വിലവെക്കാതെ പിണറായി പങ്കെടുക്കുകയും ചെയ്തു. മംഗലാപുരത്തും ഹൈദരാബാദിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ വമ്പിച്ച പിന്തുണ പിണറായിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് തീരുമാനിക്കുന്നത്.

chandrika: