ന്യൂഡല്‍ഹി: രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് കൂപ്പുകുത്തുന്നു. ഡോളറിനെതിരെ 83.08 ലേക്കാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. രാജ്യം രൂക്ഷമായ വിലപ്പെരുപ്പത്തിന്റെ പിടിലേക്ക് നീങ്ങുമെന്ന ആശങ്ക കൂടിയാണ് രൂപയുടെ മൂല്യമിടിവ് സൃഷ്ടിക്കുന്നത്. വിലപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ആര്‍.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നും ഇത് വായ്പാ പലിശ നിരക്കുകളെ ഉള്‍പ്പെടെ ബാധിച്ചേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
രൂപ തകരുന്നല്ല, ഡോളര്‍ കരുത്തു കാട്ടുന്നതാണ് പ്രശ്‌നമെന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രതികരണം. ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ധനമന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസം ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴോട്ടു പോകുന്നത് ആശങ്കയോടെയാണ് ജനം നോക്കിക്കാണുന്നത്.