ചെന്നൈ: നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന ഡോക്ടര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ നാമക്കലിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ആയ അനുരാധയും സഹായി ലോകമ്മാളുമാണ് പിടിയിലായത്. ദരിദ്രരായ ദമ്പതികളെ പ്രലോഭിപ്പിച്ച് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആണ്‍കുട്ടികളെ 5000 രൂപക്കും പെണ്‍കുട്ടികളെ 3000 രൂപക്കുമാണ് വില്‍പ്പന നടത്തിയിരുന്നത്.രണ്ടു കുട്ടികള്‍ ഉള്ള മാതാപിതാക്കളെ തട്ടിപ്പിന്റെ ഭാഗമായി ഡോക്ടറും സഹായിയും സമീപിച്ചതോടെ ഇവര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നേരത്തെയും ഇത്തരത്തില്‍ കുട്ടികളുടെ വില്‍പ്പന നടന്നെന്ന് കണ്ടതോടെ ഡോക്ടറേയും സഹായിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഏഴു കുട്ടികളെ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സംഭവം പുറത്തുവന്നതിനു പിന്നാലെ അനുരാധയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. സമാനമായ രീതിയെങ്കില്‍ മറ്റേതെങ്കിലും ആശുപത്രികളില്‍ കുട്ടികളെ വില്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയേയും സര്‍ക്കാര്‍ നിയോഗിച്ചു.