X

അടുത്ത പ്രതിസന്ധി: പുതിയ 500 രൂപയുടെ പ്രിന്റിങ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിക്കാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. നോട്ടു പ്രതിസന്ധി തീരാന്‍ ആറ് മാസമെടുക്കുമെന്ന വിദഗ്ധാഭിപ്രായം നിലനില്‍ക്കെത്തന്നെയാണ് പുതിയ തടസം കൂടി നേരിട്ടിരിക്കുന്നത്. നാഷികിലെയും ദേവാസിലെയും പ്രിന്റിങ്ങാണ് തടസപ്പെട്ടിരിക്കുന്നത്.

ഇവിടുത്തെ നോട്ട് പ്രിന്റിങ് മൈസൂരുവിലുള്ള പ്രസിലേക്ക് മാറ്റുന്നതായാണ് വിവരം. ആര്‍ബി.ഐക്ക് പുറമെ കേന്ദ്രധനകാര്യമന്ത്രാലയവും പ്രിന്റിങ് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ 500 രൂപ നോട്ടില്‍ വ്യാപക പിശക് വന്നതാണ് പ്രിന്റിങ് മാറ്റത്തിന് കാരണമെന്നാണ് വിവരം. അതേസമയം പ്രിന്റിങ് കപ്പാസിറ്റിക്കും കൂടുതലായുള്ള നോട്ടുകള്‍ ഇവിടെ നിന്ന് അടിക്കുന്നതും പ്രിന്റിങ്ങിനെ ബാധിച്ചിട്ടുണ്ട്.

വ്യക്തമായ പദ്ധതിയില്ലാത്തതാണ് ഇത്തരം അപാകതകള്‍ക്ക് കാരണമെന്ന വിമര്‍ശം ശക്തമാണ്. പുതിയ 500 നോട്ടിലെ പിഴവുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. നോട്ട് പ്രതിസന്ധി തീരാന്‍ 50 ദിവസത്തെ സമയം വേണമെന്ന് മന്‍കി ബാത്തിലും മോദി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രിന്റിങ്ങില്‍ വന്ന പിഴവ് സമയം ഇനിയും വൈകിക്കുമെന്നാണ് വിവരം.

chandrika: