ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ശരിവെക്കുന്ന കണക്കുകള്‍ പുറത്ത്. നികുതി അടക്കാതെ സൂക്ഷിച്ച മൂന്ന്- നാല് ലക്ഷം കോടി രൂപ നവംബര്‍ എട്ടിനു ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ചതായി കേന്ദ്ര ധനമന്ത്രാലയമാണ് വെളിപ്പെടുത്തിയത്.
വിവരങ്ങളുടെ വന്‍ ശേഖരമാണ് ലഭിച്ചിട്ടുള്ളത്. ഇവ പരിശോധിച്ചു വരികയാണ്. 60 ലക്ഷം അക്കൗണ്ടുകളില്‍ നവംബര്‍ എട്ടിനും- ഡിസംബര്‍ 30നും ഇടയില്‍ രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടന്നിട്ടുണ്ട്. ഇതു മാത്രം 7.34 ലക്ഷം കോടിയിലിധികം രൂപ വരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംശയകരമായ നിലയില്‍ കോടികളുടെ നിക്ഷേപം നടന്നിട്ടുണ്ട്. വിഘടനവാദ, തീവ്രവാദ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ നോട്ട് പിന്‍വലിക്കല്‍ നടപടി മറയാക്കിയെന്ന സംശയം ഇതോടെ സജീവമായിട്ടുണ്ട്.
പല അക്കൗണ്ടുകളിലായാണ് നിക്ഷേപം നടന്നിരിക്കുന്നത്. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനു കൈമാറിയിട്ടുണ്ട്. തീവ്രവാദ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ നിക്ഷേപങ്ങളുടെ കണക്കുകള്‍ പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശിച്ചതായും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.