X

ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ 4 പേരെ വെടിവച്ച് കൊന്ന കേസ്; വര്‍ഗീയതയില്ലെന്ന് റെയില്‍വേ

ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലുപേരെ വെടിവച്ച് കൊന്ന കേസില്‍ വര്‍ഗീയതയില്ലെന്ന് റെയില്‍വേ. പ്രതിയായ ചേതന്‍ സിംഗ് വെടിയുതിര്‍ത്തവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അടക്കം ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ, അസ്ഗര്‍ അബ്ബാസ് ഷെയ്ഖ്, അബ്ദുല്‍ കാദര്‍ഭായ് ഭന്‍പൂര്‍വാല, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് ചേതന്‍ സിംഗ് വെടിവച്ച് കൊന്നത്.

ജയ്പൂര്‍ മുംബൈ എക്‌സ്പ്രസ് ട്രെയിനിലാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നത്. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പര്‍ ട്രെയിന്റെ ആ5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാള്‍ ദഹിസര്‍ സ്‌റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരൂ.

webdesk13: