ദോഹ: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ മെക്‌സിക്കോ ക്ലബ് പച്ചുക്കയെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു.
മത്സരത്തിന്റെ സമ്പൂര്‍ണ ആധിപത്യം റയലിന്റെ കൈവശമായിരുന്നു. 37ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോളടി ആരംഭിച്ചത്. വിനിഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. അവസാന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറവിയെടുത്തത്.
53ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ പാസില്‍ നിന്നു റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വാര്‍ പരിശോധനയിലാണ് ഗോള്‍ അനുവദിച്ചത്. ഒടുവില്‍ 83ാം മിനിറ്റില്‍ റയലിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മൂന്നാം ഗോള്‍.
റയല്‍ താരം ലുക്കാസ് വാസ്‌ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഏറെ നേരത്തെ വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.