X

ചെല്‍സിക്ക് മുന്നില്‍ റയല്‍ ഹിമാലയം

മാഡ്രിഡ്: ചെല്‍സി ഇന്ന് എന്ത് ചെയ്യും…? നിലവില്‍ അവര്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാണ്. പക്ഷേ ആ യാത്ര ശക്തമായി തുടരണമെങ്കില്‍ ഇന്ന് റയല്‍ മാഡ്രിഡിനെതിരെ വന്‍ വിജയം കരസ്ഥമാക്കണം. സ്വന്തം വേദിയായ ഇത്തിഹാദില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ 1-3 ന്റെ ദയനീയ പരാജയം രുചിച്ച ടീമിന് മുന്നില്‍ ഇന്ന് കരീം ബെന്‍സേമയും സംഘവും വലിയ പര്‍വതം പോലെ നില്‍ക്കുന്നു. വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ രണ്ടാം പാദത്തില്‍ ആദ്യം ചെല്‍സി മൂന്ന് ഗോളുകള്‍ തിരിച്ചടിക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നെ ഗോള്‍ വഴങ്ങാതെ നോക്കണം. അതും എളുപ്പമല്ല. ബെന്‍സേമയെ പോലെ ഒരാള്‍ കത്തിജ്വലിച്ച് നില്‍ക്കുന്നു. റയലിന്റെ ഗോള്‍വലയം കാക്കുന്ന തിബോത്ത് കുര്‍ത്തിയോസും അപാര ഫോമിലാണ്. കാര്‍ലോസ് അന്‍സലോട്ടിയുടെ സംഘം പ്രതിരോധത്തിലും കരുത്തര്‍. അപ്പോള്‍ പിന്നെ മൂന്ന് ഗോളടിക്കുകയും ഒരു ഗോള്‍ പോലും വഴങ്ങാതിരിക്കുകയും ചെയ്യുക എന്നത് ഹിമാലയന്‍ ദൗത്യം തന്നെയാണ്.

ടീമിന് ഒരേ ഒരു ആശ്വാസം പോയ വാരത്തിലെ പ്രീമിയര്‍ ലീഗിലെ ആറാട്ടാണ്. സതാംപ്ടണെതിരെ ആറ് ഗോളുകളടിച്ചാണ് തോമസ് തുഷേലും സംഘവും വിജയിച്ചത്. സതാംപ്ടണ്‍ പ്രീമിയര്‍ ലീഗിലെ അട്ടിമറിക്കാരാണ്. അവര്‍ക്കെതിരെയാണ് വന്‍ വിജയം നേടിയത്. മാസോണ്‍ മൗണ്ടും കായ് ഹാവര്‍ട്‌സുമെല്ലാം ഫോമിലേക്ക് വന്നു. പ്രശ്‌നം റുമേലു ലുക്കാക്കുവിന്റെ കാര്യത്തില്‍ മാത്രമാണ്. പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ പരുക്കേറ്റ ലുക്കാക്കു ഇന്ന് കളിക്കുന്നില്ല. കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് സതാംപ്ടണെതിരായ മല്‍സരത്തില്‍ കളിക്കാന്‍ കഴിയാതിരുന്ന നായകന്‍ സെസാര്‍ അസ്പിലുസേറ്റ ഇന്ന് മൈതാനത്തുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. റയല്‍ സംഘത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല. ഗെറ്റാഫെയെ ലാലീഗയില്‍ രണ്ട് ഗോളിന് പരാജയപ്പെടുത്തി അവര്‍ സ്വന്തം തട്ടകത്തെ കിരീടം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. വന്‍കരാ കിരീടം കൂടി സ്വന്തമാക്കുകയെന്നതാണ് വലിയ ലക്ഷ്യം. മല്‍സരം രാത്രി 12-30ന്.

Test User: