ഉപയോക്താക്കളുടെ അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കുമൊത്തു മോട്ടോര്‍ സൈക്കിളില്‍ പുതുമുകളും പരിഷ്‌കാരങ്ങളും നടപ്പാക്കാന്‍ അവസരമൊരുക്കി റോയല്‍ എന്‍ഫീല്‍ഡ്. മെയ്ക്ക് ഇറ്റ് യുവേഴ്‌സ് അഥവാ എം ഐ വൈ എന്നു പേരിട്ട, മൊബൈല്‍ ആപ്ലിക്കേഷന്‍ അധിഷ്ഠിത ത്രിമാന കോണ്‍ഫിഗറേറ്റര്‍ വഴിയാണ് ബുള്ളറ്റ് നിര്‍മാതാക്കള്‍ ഈ അവസരം ലഭ്യമാക്കുന്നത്. തുടക്കത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 ബൈക്കുകള്‍ മാത്രമാണ് എംഐവൈ കോണ്‍ഫിഗറേറ്ററില്‍ ഇടംപിടിക്കുക.
ബൈക്ക് ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ നിറം, ട്രിം, ഗ്രാഫിക്‌സ്, മോട്ടോര്‍ സൈക്കിള്‍ അക്‌സസറി തുടങ്ങിയവയിലൊക്കെ സ്വന്തം താല്‍പര്യങ്ങളും അഭിരുചികളും പ്രകടിപ്പിക്കാന്‍ അവസരം നല്‍കും. ആപ് വഴി ബുക്കിങ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ വാഹന ഡെലിവറിയുടെ സമയക്രമം സംബന്ധിച്ച അറിയിപ്പും ഉപയോക്താവിന് ലഭിക്കും.
ഉപയോക്താവിന്റെ അഭിരുചികള്‍ കൂടി പരിഗണിച്ചു മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചു നല്‍കുന്ന രീതിക്കാണു തുടക്കമാവുന്നതെന്ന് ‘എം ഐ വൈ’ അവതരിപ്പിച്ച റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് കെ ദാസരി വ്യക്തമാക്കി. തന്റെ താല്‍പര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ബൈക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ശാലയില്‍ ബൈക്ക് നിര്‍മിച്ചു നല്‍കാനാണു പദ്ധതിയെന്നു ദാസരി വിശദീകരിച്ചു.