ന്യൂഡല്‍ഹി: ഇന്ധനം ആവശ്യമില്ലാത്ത ബുള്ളറ്റുകള്‍ ഉടന്‍ റെഡിയാകുമെന്ന് ഐക്കണിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സ്ഥാപനം. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ പ്രോട്ടോടൈപ്പുകള്‍ കമ്പനി ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവ വിപണിയില്‍ എത്തിയേക്കുമെന്നുമാണ് സൂചന.
ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായി, റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം തന്നെ കുറച്ച് സെഗ്മെന്റുകള്‍ പരിഗണിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കുറച്ചു കാലമായി തങ്ങള്‍ ചിന്തിക്കുന്ന കാര്യമാണ് ഇലക്ട്രിക് വാഹന വിപണിയെന്നും തങ്ങള്‍ക്ക് അനുയോജ്യമായ സെഗ്മെന്റ് ഏതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി എന്നുമാണ് വിവരം.
വളരെ ഗൗരവമായി കാണുന്ന ഒന്നാണ് ഇലക്ട്രിക് വിഭാഗമെന്നും ഇലക്ട്രിക് മൊബിലിറ്റി വരുമോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഇത് എപ്പോള്‍ എന്ന ചോദ്യമാണ് നിലവില്‍ ഉയര്‍ന്നു വരുന്നത് എന്നും റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ദസാരി പറയുന്നു. ചില പ്രോട്ടോടൈപ്പുകള്‍ ഉണ്ടാക്കി, അവ നിരവധി സെഗ്മെന്റുകള്‍ പരിശോധിച്ചു വരികയാണെന്നും സമീപ ഭാവിയില്‍ ഇലക്ട്രിക് മോഡലുകള്‍ തങ്ങളുടെ വാഹന നിരയില്‍ ചേര്‍ക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യത്തെ മുന്‍ നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ്, ബജാജ്, ടിവിഎസ്, സുസുക്കി, യമഹ എന്നിവ ഇതുവരെ വിപണിയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ബജാജ്, ഹീറോ ഇലക്ട്രിക് എന്നിവയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.