X

ധനമന്ത്രി 11 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ധനമന്ത്രിക്കെതിരെയും ആക്ഷേപം. ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചെലവായാണ് കാണിച്ചിരിക്കുന്നത്. 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും ധനമന്ത്രി എഴുതിയെടുത്തതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തീക പ്രതിസന്ധിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവര്‍ത്തിച്ച് പറയുന്ന ധനമന്ത്രിയുടെ കൊള്ളയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ചികില്‍സക്കിടെ മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണിത്. ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവില്‍ നിന്നുതന്നെ. സെക്രട്ടറിയേറ്റില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുളള സര്‍ക്കാര്‍ ആയുര്‍!വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികില്‍സ.

നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി മാസങ്ങള്‍ക്കുമുന്പ് ഇടതുസര്‍ക്കാരിന് നല്‍കിയ ശുപാ!ര്‍ശ. ഈ നിര്‍ദേശങ്ങള്‍ സെക്രട്ടേറിയില്‍ കിടന്ന് പൊടിപിടിക്കുന്‌പോഴാണ് കാലിയായ ഖജനാവില്‍ നിന്നെടുത്ത് ധനമന്ത്രിയടക്കമുളളവരുടെ ചികില്‍സ.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ കുടുങ്ങിയതിന തൊട്ടു പിന്നാലെയാണ് ധനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 49,900 രൂപയുടെ കണ്ണടയാണ് സ്പീക്കര്‍ സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയത്. നിയമസഭാ സെക്രട്ടറിയേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണ് കണ്ണടയുടെ ലെന്‍സിന്റെ വില. ഫ്രെയിമിന് 4,990 രൂപയും.

ഇതിനിടെ, 2016 ഒക്‌ടോബര്‍ അഞ്ചു മുതല്‍ 2018 ജനുവരി 19 വരെ, 4,25,000ല്‍ ഏറെ രൂപ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റായി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല.

അതേസമയം, കണ്ണടക്ക് വിലകൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്ന വിശദീകരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. വിലകുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. വില കൂടിയത് വാങ്ങിയാലേ പ്രശ്നം പരിഹരിക്കാനാകൂ എന്ന ഡോക്ടറുടെ നിര്‍ദേശം കൊണ്ട് അത് വാങ്ങേണ്ടി വന്നു. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ് – സ്പീക്കര്‍ പറഞ്ഞു.

ഇതിനിടെ ചികിത്സാ ചെലവ് ആര്‍ഭാടമായി കണക്കാക്കാനാകില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്പീക്കറുടെ കണ്ണട വിഷയം ഒറ്റപ്പെട്ട സംഭവമാണ്. എന്തു ചികിത്സ വേണമെന്നത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അത്യാവശ്യ ചെലവുകളായി കണക്കാക്കേണ്ടതാണ് അത്. ഈ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും എ.കെ ശശീന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ചെലവു കുറക്കാന്‍ നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ അംഗങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്ന വിമര്‍ശനം ഈ സംഭവത്തോടെ ശക്തമായിരിക്കുകയാണ്. നേരത്തേ, കണ്ണടക്കായി മന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയില്‍നിന്നാണു മന്ത്രി കഴിഞ്ഞ ഫെബ്രുവരി 15നു കണ്ണട വാങ്ങിയത്. കണ്ണിനു കാര്യമായ കുഴപ്പമുണ്ട്. ഇടക്കിടക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞതിനാലാണ് വാങ്ങിയതെന്നും മന്ത്രി പിന്നീടും വിശദീകരിച്ചിരുന്നു.

chandrika: