X
    Categories: gulfNews

മദീനയിലേക്കുള്ള പാത: സമദാനിയുടെ പ്രഭാഷണം അബുദാബിയില്‍ 22ന്‌

അബുദാബി: കോഴിക്കോട്‌ കടപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രഭാഷണത്തിന്റെ വസന്തവും ജനസാഗരവും തീര്‍ത്ത അബ്ദുസ്സമദ്‌ സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ പ്രഭാഷണം ഈ മാസം 22ന്‌ ഞായറാഴ്‌ച അബുദാബിയില്‍ നടക്കും.

‘വിശ്വവിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന ശീര്‍ഷകത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്ടറും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ യൂസുഫലി എംഎ ഉല്‍ഘാടനം ചെയ്യും.

22ന്‌ ഞായറാഴ്‌ച രാത്രി എട്ടുമണിക്ക്‌ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡണ്ട്‌ പി ബാവഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം ഓഴൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോട്ടക്കലിലെ സര്‍ഹിന്ദ്‌ നഗറില്‍നിന്ന്‌ തുടങ്ങിയ മദീനയിലേക്കുള്ള പാതക്ക്‌ മൂന്നാം തവണയാണ്‌ അബുദാബിയില്‍ വേദിയൊരുങ്ങുന്നത്‌. വികലമായിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ ചിന്തകളില്‍ ആത്മീയതയും വര്‍ത്തമാനകാലവൈകല്യങ്ങളുടെ സമൂലമായ മാറ്റവും ഉദ്‌ഘോഷിച്ചുകൊണ്ട്‌ നടത്തുന്ന പ്രഭാഷണം കഴിഞ്ഞ കാലങ്ങളില്‍ പ്രവാസിമലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌.

ലോകസമാധാനവും മാനവ സ്നേഹവും ആധുനിക ലോകത്തിന് സമ്മാനിച്ച യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന അബുദാബിയുടെ മണ്ണിൽ മദീനയിലേക്കുള്ള പാത ഒരിക്കലൂടെ കടന്നുവരുന്നുവെന്നത് പ്രവാസികൾ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

സെന്റര്‍ ട്രഷറര്‍ ഷിഹാബുദ്ദീന്‍ എവി, അബ്ദുല്‍അസീസ്‌ കാളിയാടന്‍, ഹാരിസ്‌ ബാഖവി, അഷറഫ്‌ പൊന്നാനി, സാബിര്‍ മാട്ടൂല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തി്‌ല്‍ സന്നിഹിതരായിരുന്നു.

webdesk13: