തിരുവല്ല: ചിന്തിക്കാന്‍ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികള്‍ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. ഇലന്തൂരില്‍ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റഷീദ് എന്ന സിദ്ധന്റെ പേരില്‍ പൂജയ്‌ക്കെത്തിയ മുഹമ്മദ് ഷാഫി പൂജയുടെ ഭാഗം എന്ന നിലയില്‍ ഭഗവല്‍ സിങ്ങിന്റെ പങ്കാളിയെ ദുരുപയോഗം ചെയ്തതായും പറയുന്നു. പൂജയ്ക്കു കൂടുതല്‍ ഫലം ലഭിക്കാന്‍ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവല്‍ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നല്‍കണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിര്‍ദേശം.
ഇത് അംഗീകരിച്ച ദമ്പതികള്‍ ബലി നല്‍കാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏല്‍പിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്‌ലിനെയും പത്മത്തെയും ഇയാള്‍ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുന്നത്.അശ്ശീല സിനിമയില്‍ അഭിനയിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും, പത്തു ലക്ഷം രൂപ നല്‍കാമെന്നും ആയിരുന്നു പത്മത്തിനും, റോസ്‌ലിനും മുഹമ്മദ് ഷാഫി നല്‍കിയ വാഗ്ദാനം. നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവര്‍ പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു.
ആദ്യം റോസ്‌ലിനെയാണ് എത്തിച്ചത്. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് ഭഗവല്‍സിങ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു. തുടര്‍ന്ന് മാതൃ അവയവങ്ങള്‍ അറുത്തുമാറ്റി. രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് വിവരം. ശരീരത്തില്‍ നിന്നു വാര്‍ന്ന രക്തം വീടുമുഴുവന്‍ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകള്‍. രാത്രി മുഴുവന്‍ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയില്‍ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയത്. ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്.