രാജ്‌കോട്ട്: ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. ജോ റൂട്ടിന്റെ സെഞ്ച്വറിയും മുഈന്‍ അലി പുറത്താകാതെ നേടിയ 99 റണ്‍സും കരുത്തു പകര്‍ന്നപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 311 എന്ന ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. നാലാം വിക്കറ്റില്‍ ജോ റൂട്ടും മുഈന്‍ അലിയും ചേര്‍ന്ന് നേടിയ 179 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ബെന്‍ സ്‌റ്റോക്‌സ് (19 നോട്ടൗട്ട്) ആണ് മുഈന്‍ അലിക്കൊപ്പം ക്രീസില്‍.
രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പ്ലെയിങ് ഇലവനെ തീരുമാനിച്ചത്. ആദ്യദിനം വീണ നാലു വിക്കറ്റുകളില്‍ മൂന്നെണ്ണവും സ്പിന്നര്‍മാര്‍ പങ്കിട്ടു. അശ്വിന്‍ രണ്ടു പേരെ വീഴ്ത്തിയപ്പോള്‍ ജഡേജക്കാണ് ഒരു വിക്കറ്റ്. സംശയാസ്പദമായ റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ടിനെ ഉമേഷ് യാദവ് പുറത്താക്കി.
ഇന്ത്യന്‍ വംശജനായ 19-കാരന്‍ ബാറ്റ്‌സ്മാന്‍ ഹസീബ് ഹമീദ് ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ ഓപണര്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഹസീബ് 31 റണ്‍സെടുത്തു പുറത്തായി. ആറ് ബൗണ്ടറികളടങ്ങുന്ന ഹസീബിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമായി.