X
    Categories: CultureMore

വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ വിട്ട് എവര്‍ട്ടനില്‍

ലണ്ടന്‍: ഇംഗ്ലീഷ് സൂപ്പര്‍ താരം വെയ്ന്‍ റൂണി എവര്‍ട്ടനില്‍. ഒരു പതിറ്റാണ്ടിലേറെയായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍നിരയിലെ സാന്നിധ്യമായിരുന്ന 31-കാരന്‍ രണ്ടു വര്‍ഷ കരാറിലാണ് തന്റെ മുന്‍ ക്ലബ്ബിലേക്ക് മടങ്ങിയത്. കരാര്‍ തുക എത്രയെന്ന് പുറത്തു വിട്ടിട്ടില്ല.

2004-ല്‍ 27 ദശലക്ഷം പൗണ്ടിന് എവര്‍ട്ടനില്‍ നിന്ന് യുനൈറ്റഡിലെത്തിയ റൂണി 2014-ല്‍ ടീമിന്റെ നായക സ്ഥാനത്തുമെത്തിയിരുന്നു. എന്നാല്‍ ഹോസെ മൗറീഞ്ഞോ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇംഗ്ലീഷ് താരത്തിന് അവസരങ്ങള്‍ കുറഞ്ഞു. എവര്‍ട്ടനില്‍ നിന്ന് റൊമേലു ലുകാകു മാഞ്ചസ്റ്ററിലെത്തിയതോടെ തന്റെ അവസരങ്ങള്‍ പരിമിതമാണെന്ന് തിരിച്ചറിഞ്ഞാണ് റൂണി ക്ലബ്ബ് മാറാന്‍ മാനസികമായി തയാറെടുത്തത്.

മാഞ്ചസ്റ്ററിനു വേണ്ടി 13 വര്‍ഷം ബൂട്ടുകെട്ടിയ റൂണി 12 മേജര്‍ കിരീടങ്ങള്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് പ്രീമിയര്‍ ലീഗ്, മൂന്ന് ലീഗ് കപ്പ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ നേട്ടങ്ങളില്‍ റൂണി പങ്കാളിയായി. 559 മത്സരങ്ങളില്‍ 253 ഗോളോടെ യുനൈറ്റഡിനു വേണ്ടി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമായി മാറിയ റൂണി ഇതിഹാസ താരം ബോബി ചാള്‍ട്ടന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു.

2002-2004 കാലയളവില്‍ 67 മത്സരങ്ങളില്‍ നിന്നായി എവര്‍ട്ടനു വേണ്ടി 15 ഗോള്‍ നേടിയ റൂണി, തന്റെ കുട്ടിക്കാല ക്ലബ്ബിനോടുള്ള താല്‍പര്യം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. റൂണിയുടെ മികവില്‍ സംശയമില്ലെന്നും 31 വയസ്സ് മാത്രമുള്ള താരത്തിന് ഇനിയും മികവില്‍ തുടരാന്‍ വര്‍ഷങ്ങളുണ്ടെന്നും എവര്‍ട്ടന്‍ കോച്ച് റൊണാള്‍ഡ് കോമാന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: