X

മിന്നലാണ് റൊണാള്‍ഡോ

 

മാഡ്രിഡ്: താരതമ്യങ്ങളില്‍ എപ്പോഴും വരാറുണ്ട് മെസിയും റൊണാള്‍ഡോയും. രണ്ട് പേരും അത്ര നല്ല സുഹൃത്തുക്കളല്ല. പക്ഷേ ശത്രുക്കളുമല്ല. എല്‍ ക്ലാസികോ പോലെ ചില വേദികളില്‍ മാത്രമാണ് പരസ്പരം കണ്ട് മുട്ടാറുള്ളത്. ഫിഫ ബാലന്‍ഡിയോര്‍ പുരസ്‌ക്കാര വേളയില്‍ നിരന്തരം ഇപ്പോള്‍ കണ്ട് മുട്ടുന്നുണ്ട്. കാരണം രണ്ട് പേരും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അവസാന പട്ടികയില്‍ വരുന്നുണ്ട്. പ്രായത്തില്‍ റൊണാള്‍ഡോയാണ് രണ്ട് വയസ്സിന് മുന്നില്‍. ഗോളുകളുടെ കാര്യത്തിലും പോര്‍ച്ചുഗലുകാരന്‍ തന്നെ. രണ്ട് പേരുടെയും ശൈലി വിത്യസ്തമാണ്. ബുദ്ധി കൊണ്ടാണ് മെസിയുടെ ഫുട്‌ബോള്‍. ശാരീരിക കരുത്താണ് റൊണാള്‍ഡോ. രണ്ട് പേര്‍ക്കും ലോകത്തുടനീളം ആരാധകരുണ്ട്. ഇപ്പോള്‍ സ്‌പെയിനിലെ നികുതി കേസിലും രണ്ട് പേരും ആരോപണവിധേയരായി എന്നത് വിരോധാഭാസമാവാം. മെസി മധ്യനിക്കാരനാണെങ്കില്‍ റൊണാള്‍ഡോ സെന്‍ട്രല്‍ സ്‌ട്രൈക്കറാണ്. അദ്ദേഹത്തിന്റെ ഗോളുകളിലേക്ക് നോക്കിയാല്‍ കൂടുതല്‍ ഗോളുകളും പെനാല്‍ട്ടി ബോക്‌സിനകത്ത് നിന്നാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം കാര്‍ഡിഫില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. യുവന്തസിനെതിരെ അദ്ദേഹം നേടിയ രണ്ടാം ഗോള്‍ ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു.
41 വയസ്സ് വരെ താന്‍ കളിക്കളത്തിലുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. അതിനായി നന്നായി ആരോഗ്യം സംരക്ഷിക്കുന്നു പോര്‍ച്ചുഗലുകാരന്‍. എല്ലാ ദിവസവും ജിമ്മില്‍ നാലും അഞ്ചും മണിക്കൂര്‍ ചെലവിടുന്നു. ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കുമില്ലാതെ കാലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. പെനാല്‍ട്ടി ബോക്‌സിലെ കുറുക്കനാണ് റൊണാള്‍ഡോയെന്ന് ഫുട്‌ബോള്‍ ലോകം പറയാറുണ്ട്. കാരണം ബോക്‌സുനുള്ളില്‍ അത്രമാത്രം കൗശലം മറ്റാര്‍ക്കുമില്ല. ഞൊടിയിടയില്‍ ഗോള്‍ നേടുന്ന അപാര തന്ത്രം. ലോംഗ് റേഞ്ചറുകള്‍ അദ്ദേഹം പായിക്കുന്നത് കാണാന്‍ കഴിയില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കഴിഞ്ഞ ദിവസം റെക്കാര്‍ഡോ കരിസേമ നേടിയ ഗോള്‍ നോക്കുക- വേണമെങ്കില്‍ റൊണാള്‍ഡോക്ക് ലോംഗ് റേഞ്ചര്‍ പായിക്കാമായിരുന്നു. പക്ഷേ മുന്നോട്ട് കയറി വരുന്ന കരിസേമയെ കണ്ട് തളികയിലെന്നോണം പാസ്. അത് ഗോളായി മാറി. കഴിഞ്ഞ സീസണില്‍ 42 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ 88.1 ശതമാനം ഗോളുകളും ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രതിയോഗികളെ അദ്ദേഹം ഭയപ്പെടുന്നില്ല. രാജ്യത്തിനും ക്ലബിനുമെല്ലാം അദ്ദേഹം ഊര്‍ജ്ജം നല്‍കുന്നു. ഇന്നലെയും അദ്ദേഹം നേടി-കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ. ഗോള്‍വേട്ടയില്‍ കൃസ്റ്റിയാനോയെ വെല്ലാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ലോക ഫുട്‌ബോളില്‍.

chandrika: